life

കൊല്ലം: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി ഒരുവർഷമായി കാത്തിരിക്കുകയാണ് 82,805 കുടുംബങ്ങൾ. അപേക്ഷകരിൽ 53851 പേർ ഭവനരഹിതരും 28954 പേർ ഭൂരഹിതരുമാണ്.

ഇതിന് പുറമേ കേന്ദ്ര സർക്കാരിന്റെ പി.എം.എ.ഐ പദ്ധതിയിൽ വീടിനായി കാത്തിരിക്കുന്നവരും ഏറെയാണ്. ഉദ്യോഗസ്ഥരുടെ നിസഹകരണവും വാർഷിക പദ്ധതിയുടെ തിരക്കുമാണ് ലൈഫ് പദ്ധതി പരിശോധന അനിശ്ചിതമായി നീളാൻ കാരണം.

തദ്ദേശസ്ഥാപന ജീവനക്കാരെ കൊണ്ട് ജോലി പൂർത്തിയാക്കാൻ പറ്റാതെവന്നതോടെയാണ് മറ്റു വകുപ്പുകളിലെ ജീവനക്കാരെ കൂടി നിയോഗിച്ചത്. കൃഷി വകുപ്പ് വിയോജിപ്പ് പ്രകടിപ്പിച്ചതോടെ പരിശോധന നീണ്ടു.

മന്ത്രിസഭാ യോഗങ്ങളിലും ചീഫ് സെക്രട്ടറി തലത്തിലും വിഷയം ചർച്ചയായെങ്കിലും തർക്കം തുടർന്നു. ഒടുവിൽ ജില്ലാതല മേലുദ്യോഗസ്ഥർ അനുവദിക്കുന്നവരെ പരിശോധനയ്ക്ക് നിയോഗിക്കാമെന്ന് ധാരണയിലെത്തി. അപ്പോഴേക്കും തദേശസ്ഥാപനങ്ങളിലെ ജീവനക്കാർ അധിക ജോലിയെടുത്ത് ആദ്യഘട്ട പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.

സൂപ്പർ ചെക്കിംഗ് കുരുക്കിൽ

വിവിധ വകുപ്പുകളിൽ നിന്ന് ജീവനക്കാരെ ലഭിക്കാതിരുന്നതും സാമ്പത്തിക വർഷാവസാനത്തെ തിരക്കും മൂലം രണ്ടാം ഘട്ടത്തിലെ സൂപ്പർ ചെക്കിംഗ് നീളുകയാണ്. ആദ്യ പരിശോധനയിൽ അർഹരെന്ന് കണ്ടെത്തിയ 40,000 ഓളം വീടുകൾ സൂപ്പർ ചെക്കിംഗിനായി പരിശോധിക്കണം. ഇതിന് ഏറെ സമയം വേണ്ടിവരും. സൂപ്പർ ചെക്കിംഗിന് ശേഷം ബ്ളോക്ക് - ജില്ലാ തലത്തിൽ ആക്ഷേപങ്ങൾ കേൾക്കാൻ സാവകാശം നൽകണം. ഇതിനുശേഷം ഗ്രാമസഭയിൽ അവതരിപ്പിച്ച് പാസാക്കിയ ശേഷമേ ലൈഫ് പദ്ധതിയുടെ അവസാന പട്ടിക പ്രസിദ്ധീകരിക്കാനാവൂ.

ആകെ അപേക്ഷകൾ. 82805

ഫീൽഡ് പരിശോധന ആരംഭിച്ചത്: 2021 നവംബർ 1ന്

പട്ടിക പ്രസിദ്ധീകരണം പ്രതീക്ഷിച്ചത്. ഡിസംബർ 1ന്.

പുതുക്കിയ തീയതി. 2022 ഫെബ്രുവരി