പുനലൂർ: കനത്ത വേനലിലും ഇത്തവണ പാലരുവി വെള്ളച്ചാട്ടം തുറന്നിട്ടുണ്ട്. എന്നാൽ ആൾത്തിരക്കില്ല. കൊവിഡ് വ്യാപനങ്ങളെ തുടർന്ന് രണ്ട് വർഷത്തോളം അടച്ചിട്ടിരുന്ന ജല പാതമാണ് കടുത്ത വേനലിൽ നീരോഴുക്ക് കുറവാണെങ്കിലും തുറന്ന് നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ വേനൽ കാലയളവിൽ അടച്ചിടാറുള്ള ജലപാതം ഇത്തവണ തുറന്ന് പ്രവർത്തിക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് പാലരുവി വന സംരക്ഷണ സമിതി നേരിടേണ്ടി വന്നത്. ഇത് കാരണം 45 ഓളം പുരുഷ ,വനിത ഗൈഡുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.ഗൈഡുകളുടെ ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് ഇത്തവണ വേനലിൽ ജല പാതം അടക്കാൻ അധികൃതർ തയ്യാറാകാതിരുന്നത്.
പാലരുവി വരുമാനം
കൊവിഡിന് മുമ്പ് ഒരു ദിവസം 1 ലക്ഷം
കൊവിഡിന് ശേഷം ഒരു മാസം 1 ലക്ഷം
തിരിച്ചടിയായി കൊവിഡ് വ്യാപനം
ഒരുമാസം ഒരു ലക്ഷത്തോളം രൂപയാണ് ഇപ്പോൾ വനം വകുപ്പിന് വരുമാനമായി പാലരുവിയിൽ നിന്ന് ലഭിക്കുന്നത്. അവധി ദിവസങ്ങളിലാണ് ആളുകൾ ജലപാതം സന്ദർശിക്കാൻ എത്തുന്നത്. കൊവിഡ് വ്യാപനങ്ങൾക്ക് മുമ്പ് ഒരു ദിവസം ഒരു ലക്ഷത്തോളം രൂപ വരെ വരുമാനമുണ്ടായിരുന്നു. എന്നാൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് വെള്ളച്ചാട്ടം അടച്ചിടുകയും വരുമാനം ഗണ്യമായി കുറയുകയും ചെയ്തത് വനം വകുപ്പിന് വൻ തിരിച്ചടിയായി മാറുകായിരുന്നു. ദിവസവും നൂറ് കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന പാലരുവി രണ്ട് വർഷത്തോളം അടഞ്ഞ് കിടന്നതോടെ സമീപത്തെ വ്യാപാരശാലകളും സ്വകാര്യ റസ്റ്റോറൻഡുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു.
വന മേഖലയിലെ ജലപാതം
ജൂൺ മുതൽ ജലപാതം വീണ്ടും സജീവമാകുന്ന പ്രതീക്ഷയിലാണ് വനം വകുപ്പും പ്രദേശവാസികളും.കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉൾ വനത്തിലാണ് പാലരുവി വെള്ളച്ചാട്ടം. 200 അടിയോളം ഉയരത്തിലുള്ള വന മേഖലകളിലൂടെ ഒഴുകിയെത്തുന്ന ജലപാതം നേരിൽ കാണാൻ കുട്ടികളും മുതിർന്നവരുമടക്കം നൂറ് കണക്കിന് വിനോദ സഞ്ചാരികളായിരുന്നു പാലരുവിയിൽ എത്തിയിരുന്നത്. വന സംരക്ഷണ സമിതിയിലെ പുരുഷ, വനിത ഗൈഡുകളാണ് ആളുകളെ നിയന്ത്രിക്കുന്നത്.