കൊട്ടാരക്കര: കൊട്ടാരക്കരയിലെ ഇടത് മുന്നണിയ്ക്കുള്ളിൽ സി.പി.ഐയും കേരള കോൺഗ്രസ് (ബി)യും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നഗരസഭ ഓഫീസിൽ സി.പി.ഐ നേതാക്കളടക്കം കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റുകൂടിയായ ചെയർമാൻ എ.ഷാജുവിനെതിരെ പ്രതിഷേധിച്ചതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.

നാളെ വീണ്ടും സി.പി.ഐ പ്രതിഷേധ യോഗം ചേരും. മാസങ്ങളായി മുന്നണിയ്ക്കുള്ളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. മുന്നണി ധാരണ പ്രകാരം നഗരസഭയിൽ ആദ്യ രണ്ട് വർഷം ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ്(ബി)യ്ക്ക് നൽകിയിരിക്കുകയാണ്. സി.പി.എം-7, കേരള കോൺഗ്രസ്(ബി)-6, സി.പി.ഐ-3 എന്നീ ക്രമത്തിലാണ് കക്ഷി നില. ഭരണം തുടങ്ങി മാസങ്ങളായപ്പോഴേക്കും മുന്നണിയ്ക്കുള്ളിൽ പ്രശ്നങ്ങൾ തുടങ്ങി.

പുതിയ റോഡ് നിർമ്മിക്കാനൊരുങ്ങിയതും മരം മുറി വിവാദവുമൊക്കെ ബി.ജെ.പിയാണ് നഗരസഭ ചെയർമാനെതിരെ സമരമാർഗമായി ഉപയോഗിച്ചതെങ്കിലും ഇടത് മുന്നണിയിലെ ചില നേതാക്കളുടെ പിന്തുണയുണ്ടെന്ന് ആക്ഷേപമുയർന്നു. നിലം നികത്തിൽ വിവാദമെത്തിയപ്പോഴേക്കും സി.പി.ഐ നേതാക്കൾ പരസ്യമായി എ.ഷാജുവിനെതിരെ ആക്ഷേപം ഉന്നയിച്ചു. കേരള കോൺഗ്രസും സി.പി.ഐയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. മുന്നണിയിൽ തുടർന്നുപോകാൻ കഴിയില്ലെന്ന് കേരള കോൺഗ്രസ് പരസ്യ പ്രസ്താവന നടത്തി. എന്നാൽ പ്രശ്നങ്ങൾ കെട്ടടങ്ങി വരുമ്പോഴാണ് പുതിയ വിവാദം.

നഗരസഭ വഴിയോര കച്ചവട സമിതിയുടെ തിരഞ്ഞെടുപ്പ് നടത്തിയത് സി.പി.എമ്മുമായി മാത്രം ആലോചിച്ചാണെന്നായിരുന്നു ആരോപണം. സി.ഐ.ടി.യു പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് സമിതി പുന:സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ പോലും അറിയാതെയാണ് ഇത്തരം നീക്കം നടത്തിയതെന്നാരോപിച്ച് എ.ഐ.ടി.യു.സി പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ നടക്കുന്നതിനിടയിൽക്കൂടി നഗരസഭ ചെയർമാൻ കടന്നുപോയത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. തുടർന്ന് പ്രതിഷേധം സംഘർഷത്തിലെത്തുകയും സി.പി.ഐയുടെ പ്രതിഷേധം നഗരസഭ ചെയർമാനെതിരെ തിരിയുകയുമായിരുന്നു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി കുഴഞ്ഞുവീണതോടെ പ്രതിഷേധത്തിന് പുതിയമാനം കൈവന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനടക്കം കൊട്ടാരക്കരയിൽ എത്തി. സി.പി.ഐയും കേരള കോൺഗ്രസും വീണ്ടും ഇടഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചതോടെ മുന്നണി ബന്ധത്തിൽ വലിയ വിള്ളലുണ്ടായിരിക്കുകയാണ്.