പോരുവഴി : പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് മുരവ് കണ്ടത്തിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പടെ മുഴുവൻ മാലിന്യവും ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ശുചിയാക്കി. വെള്ളിയാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവം നടന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മുരവ് കണ്ടത്തിൽ കൊട്ടുത്സവം കാണാൻ എത്തിയത്. പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ ഈ മുരവ് കണ്ടമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വൃത്തിയാക്കിയത്. സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റി അംഗം ബി.ബിനീഷ്, പോരുവഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനു , ഡി.വൈ.എഫ്.ഐ ഏരിയാ ട്രഷറർ പി.കെ.ലിനു, മേഖലാ സെക്രട്ടറി എം.ഹരികൃഷ്ണൻ, പ്രസിഡന്റ് സുധിൻ തുടങ്ങിയവർ നേതൃത്വം നൽകി.