photo
കോഴിക്കോട് പത്മനാഭൻ ജെട്ടിക്ക് സമീപം പശ്ചമ കനാലിൽ തള്ളിയിരിക്കുന്ന ജൈവ മാലിന്യങ്ങൾ

കരുനാഗപ്പള്ളി: ദേശീയ ജലപാതയായ പശ്ചിമതീര കനാൽ നാട്ടുകാരുടെ

മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിട്ട് മാസങ്ങളാകുന്നു. നഗത്തിലെ മാലിന്യ നിക്ഷേപത്തിന് കരുനാഗപ്പള്ളി നഗരസഭ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ്

നാട്ടുകാർ കനാലിൽ കണ്ണുവച്ചത്. ഇതോടെ നഗരത്തിലെ ടൺ കണക്കിന് മാലിന്യം കനാലിലെത്തി.

ജലഗതാഗതം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പശ്ചിമതീര കനാലിന്റെ ആഴം കൂട്ടുന്നത് പതിവാണ്. ഇത്തരത്തിലുള്ള തീരസംരക്ഷണത്തിന് വലിയ വെല്ലുവിളിയാണ്

മാലിന്യപ്രശ്നം ഉയർത്തുന്നത്.

രാത്രിയുടെ മറവിൽ വാഹനങ്ങളിൽകൊണ്ടുവരുന്ന മാലിന്യം,​ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ വച്ച് കായലിലേക്ക് തള്ളുന്നതാണ് രീതി. കനാലിന്റെ ഇരുവശങ്ങളിലായി ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇവർ പണ്ട് ഈ കായലിലെ വെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്.

തീരത്തെ ചില വീടുകളിലെ മാലിന്യവും കായലിലേക്ക് വലിച്ചെറിയുന്നതായി പരാതിയുണ്ട്.

തലവേദനയായി

അറവുമാലിന്യം

ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന അറവുമാലിന്യം ഉൾപ്പെടെയുള്ളവ വേലിയേറ്റത്തിൽ കായലിലൂടെ ഒഴുകി നടക്കുന്നതും നാട്ടുകാർക്ക് തലവേദനയായിട്ടുണ്ട്. ഇത്തരം മാലിന്യത്തിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധമാണ് നാട്ടുകാരെ കൂടുതൽ വലയ്ക്കുന്നത്.

അറവുമാലിന്യങ്ങൾ പക്ഷികൾ കൊത്തിയെടുത്ത് വീട്ടിലെ കിണറുകളിൽ കൊണ്ടിടുന്നതും ഇവിടെ പതിവാണ്. കായൽ തീരത്തെ മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ ഇലകളും ചില്ലകളും തെങ്ങിൻ കുറ്റികളും കായലിൽ വലിച്ചെറിയുന്നതും ഇവിടെ പലർക്കും ശീലമാണ്.

കാമറ തന്നെ

ശരണം

ദേശീയ ജലപാതയുടെ പ്രസക്തി ഏറിവരുന്ന സാഹചര്യത്തിലാണ് നാശത്തിലേക്ക് വഴിവയ്ക്കുന്ന തരത്തിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത് എന്ന കാര്യം മറക്കരുത്. കായൽ തീരത്ത് താമസിക്കുന്ന പലരും വസ്ത്രം അലക്കാനും മറ്റ് ആവശ്യങ്ങൾക്കും ഈ കായലിനെയാണ് ആശ്രയിക്കുന്നത്. നൂറ് കണക്കിന് മത്സ്യത്തൊഴിലാളികളും കായലിനെ ആശ്രയിച്ച് കഴിയുന്നുണ്ട്. ഇവരുടെ ജീവിതമാർഗ്ഗത്തെയും മാലിന്യ നിക്ഷേപം തടസമാകുന്നുണ്ട്.

കനാലിന്റെ പ്രധാന ഭാഗങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ചാൽ മാലിന്യ നിക്ഷേപം കണ്ടെത്താനും തടയാനും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനാവശ്യമായ നടപടികൾ ജലഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നതാണ് അവരുടെ ആവശ്യം.

പശ്ചിമതീര കനാൽ

തിരുവനന്തപുരം - ഷെർണ്ണൂർ കനാൽ കരുനാഗപ്പള്ളിയിൽ തുടങ്ങുന്നത് ആഴീക്കൽ മത്സ്യബന്ധന തുറമുഖം മുതലാണ്. തെക്കോട്ട് നീണ്ടകരയിലെത്തി അഷ്ടമുടി കായലുമായി ചേരുന്നു. കരുനാഗപ്പള്ളി താലൂക്കിന്റെ തീരത്തുകൂടി 35 കിലോമീറ്രറോളം ദൂരത്തിലാണ് പശ്ചമതീര കനാൽ കടന്നുപോകുന്നത്.