
കൊല്ലം: ഇന്ത്യയിലെമ്പാടുമുള്ള അടൽ ടിങ്കറിംഗ് ലാബ് വിദ്യാർത്ഥികൾ സമർപ്പിച്ച ബിസിനസ് ആശയങ്ങളിൽ നിന്ന് മികച്ച 20 ൽ ഒന്നായി പുതിയകാവ് അമൃത വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് രാജ് നിർമ്മിച്ച എഡ്ടെക് ബിസിനസ് ആശയം തിരഞ്ഞെടുക്കപ്പെട്ടു. 9000ത്തിലധികം മത്സരാർത്ഥികളാണ് ആശയങ്ങൾ സമർപ്പിച്ചത്.
ഇന്ത്യയിലെ ടയർ 2,3,4 നഗരങ്ങളിലെ താഴ്ന്ന വരുമാനമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്ന വെബ് പോർട്ടലായ 'എഡ്യു ഈസി ' എന്ന പേരിൽ ബഹുഭാഷ എഡ്ടെക്കിനാണ് കാർത്തിക് ബിസിനസ് ആശയം സമർപ്പിച്ചത്.
നീതി ആയോഗ് അടൽ ഇന്നോവേഷൻ മിഷൻ (എ.ഐ.എം) സംഘടിപ്പിച്ച ക്യാമ്പ് 9 ആഴ്ച നീണ്ടു. 'ഡിജിറ്റൽ ടിങ്കറിംഗ് ആൻഡ് ബിസിനസ് 101' മത്സരത്തിൽ മുൻനിരയിലെത്തിയ ഏറ്റവും സമർത്ഥരായ യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ രൂപകല്പന ചെയ്ത പ്രോഗ്രാമാണിത്. ഐ.എസ്.ബി അലൂമ്‌നി മെന്ററായ സായ് ചരൺ തേജ് കൊമ്മൂരി, എ.ഐ.എം മെന്റർ ഗായത്രി മണിക്കുട്ടി എന്നിവരുമായി സംവദിക്കാനും കാർത്തിക്കിന് അവസരം ലഭിച്ചു. രണ്ടാം റൗണ്ടിലാണ് കാർത്തികിന്റെ ബിസിനസ് ആശയം മികച്ച 20ൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത്.