കൊല്ലം: ഉത്സവത്തിനിടെ ഭാര്യയെ ശല്യം ചെയ്തവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ട ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ കൂടി കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് ചാത്തിനാംകുളം തറയിൽ പുത്തൻവീട്ടിൽ വിജയകുമാർ (42) ആണ് പിടിയിലായത്.
മൂന്നാഴ്ച മുൻപായിരുന്നു ആക്രമണം. ഇയാൾ കായംകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. സംഘത്തിലുൾപ്പെട്ട അഞ്ചു പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കുരുന്നാമണി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രതികളടങ്ങിയ സംഘം സ്ത്രീകളെ ശല്യം ചെയ്തത് പൊലീസിൽ പരാതിപ്പെട്ട വിരോധത്തിലാണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇവർക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.