കുന്നത്തൂർ : ഇന്നലെ വൈകുന്നേരം ആഞ്ഞുവീശിയ കാറ്റും ശക്തമായ മഴയും കുന്നത്തൂർ താലൂക്കിൽ വ്യാപകനാശം വിതച്ചു. മിക്ക പ്രദേശങ്ങളിലും മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും നിലം പതിച്ചതിനാൽ വൈദ്യുതി ബന്ധം താറുമാറായി.
താലൂക്കിലെ മിക്ക പാടശേഖരങ്ങളിലും വ്യാപക കൃഷി നാശമുണ്ടായി. നേന്ത്രവാഴ,വെറ്റില, മരച്ചീനി,പയർ അടക്കമുള്ളവ നശിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിചെയ്തിരുന്ന ആയിരക്കണക്കിന് ഏത്ത വാഴകൾ ഒടിഞ്ഞു വീണു. കര പ്രദേശങ്ങളിലെ കൃഷിയും നശിച്ചിട്ടുണ്ട്.
ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ പെരുവേലിക്കര ലക്ഷ്മിയിൽ രാജീവിന്റ 900 ഏത്ത വാഴകൾ ഒടിഞ്ഞു വീണു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നിലം പതിച്ചത്. കുന്നത്തൂർ തൊളിക്കൽ ഏല, തമിഴംകുളം ഏല,മൈനാഗപ്പള്ളി വെട്ടിക്കോട്ട് ഏല, പോരുവഴി വെൺകുളം ഏല, മുതുപിലാക്കാട്, പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായി. വീട്ടുപറമ്പുകളിലും മരങ്ങൾ പിഴുവീണു. പലയിടത്തും വൈകിട്ടോടെ നിലച്ച വൈദ്യുതി ബന്ധം രാത്രി വൈകിയും പുന:സ്ഥാപിക്കാനായിട്ടില്ല. മരങ്ങൾ വീണും മറ്റും വിവിധയിടങ്ങളിൽ വീടുകൾക്കും കാലിത്തൊഴുത്തുകൾക്കും നാശം ഉണ്ടായിട്ടുണ്ട്. വേനൽ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റും ഇടിയും മിന്നലും താലൂക്കിലെ ഇന്റർനെറ്റ് സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.