t
t

കിഴക്കേക്കല്ലട: ആശ്വാസം പകർന്നെത്തി​യ വേനൽമഴ മൺറോത്തുരുത്തിനെ ഇരുട്ടിലാക്കുന്നു. മഴയ്ക്കൊപ്പമെത്തുന്ന കാറ്റിൽ കിഴക്കേക്കല്ലട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈ പ്രദേശങ്ങളിലെ 11 കെ.വി ലൈനുകളിൽ തകരാർ സംഭവിക്കുന്നത് നിത്യസംഭവമാണ്. ജീവനക്കാരുടെ കുറവുമൂലം തകരാർ കണ്ടെത്തി പരിഹരിക്കാൻ കാലതാമസം നേരിടുന്നതാണ് ജനം നേരിടുന്ന വെല്ലുവിളി.

ചെറിയ ഒരു മഴയോ കാറ്റോ വന്നാൽ പ്രദേശത്ത് വൈദ്യുതി നിലയ്ക്കുന്നത് നിത്യ സംഭവമായിട്ടും പരിഹാരമില്ല. സമാനമാണ് തേനി പാതയിൽ പേരയം ഭാഗത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ വാഹനങ്ങൾ തട്ടി ഒടിഞ്ഞുവീണ് വൈദ്യുതി തടസപ്പെടുന്നത്. കിഴക്കേക്കല്ലടയിലും മൺറോത്തുരുത്തിലും വൈദ്യുതി വിതരണം നടത്തുന്നത് കുണ്ടറ 220 കെ.വി സബ് സ്റ്റേഷനിൽ നിന്നാണ്. വളരെ ദൂരം കടന്നു പോകുന്ന ഈ ഫീഡറുകളിൽ എവിടെ തകരാർ സംഭവിച്ചാലും അവസാന പ്രദേശമായ മൺറോത്തുരുത്തിൽ വൈദ്യുതി മുടങ്ങും. പക്ഷേ, ബോർഡിന്റെ ഇടപെടലുകളൊന്നും ഇതിനു പരിഹാരമായിട്ടില്ല. കുണ്ടറയിൽ നിന്നുള്ള വൈദ്യുതി മൺറോത്തുരുത്തിൽ നിലച്ചാൽ ഉപയോഗപ്പെടുത്താനായി കണ്ണങ്കാട് പാലത്തിന് സമീപം ആറിന് കുറുകെ ലൈൻ വലിച്ച് ശാസ്താംകോട്ട സബ് സ്റ്റേഷനുമായി ബന്ധിപ്പിട്ടുണ്ട്. ഇത് പക്ഷെ രാത്രി കാലങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടില്ല.

കല്ലട മൺറോത്തുരുത്ത് പ്രദേശത്തെ വൈദ്യുതി പ്രശ്ന പരിഹാരത്തിനായി ചിറ്റുമലയിൽ 66 കെ.വി.സബ് സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതി മുടങ്ങിക്കിടക്കുകയാണ്. നിർമ്മാണം ആരംഭിക്കുംവരെ നിർദ്ദിഷ്ട സബ് സ്റ്റേഷനരികെയെത്തും വിധം നിലവിലുള്ളതും ഉപയോഗത്തിലില്ലാത്തതുമായ 66 കെ.വി ലൈൻ ശാസ്താംകോട്ട സബ്സ്റ്റേഷനിൽ നിന്നു 11 കെ.വി ഡബിൾസർക്യൂട്ട് ലൈനായി ഉപയോഗപ്പെടുത്തി ചിറ്റുമലയിലെ നിലവിലെ 11 കെ.വി ലൈനുമായി ബന്ധിപ്പിച്ചാൽ വൈദ്യുതി തടസത്തിന് ഒരു പരിധി വരെ പരിഹാരമാകും.

 രക്ഷ ടവർ ലൈൻ

ചിറ്റുമലവരെ ടവറിലൂടെ വരുന്നതിനാൽ മഴയിൽ വൃക്ഷ ശിഖരങ്ങൾ തട്ടി വൈദ്യുതി തടസപ്പെടുന്നത് ഒഴിവാക്കാം. രാത്രികാലങ്ങളിൽ വൈദ്യുതി തടസപ്പെടുമ്പോൾ ജീവനക്കാർ ഏറെ പണിപ്പെട്ടാലും പുനഃസ്ഥാപിക്കാൻ വൈകുന്നതുമൂലം നാട്ടുകാരുടെ പ്രതിഷേധത്തിന് ഇരകളാവുന്നു. ടവർ ലൈൻ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ഉടൻ കെ.എസ്.ഇ.ബി.നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.