പത്തനാപുരം : പത്തനാപുരം,തലവൂർ,വിളക്കുടി, പട്ടാഴി പഞ്ചായത്തുകളിൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം. മരം വീണ് നാല് വീടുകൾ തകർന്നു. കുണ്ടറ പടി തിരുവോണം വീട്ടിൽ അജയകുമാർ, മഞ്ഞക്കാല ഗീത ഭവനത്തിൽ വിജയമ്മ , സത്യമുക്ക് ചന്ദ്രവിലാസത്തിൽ രാഘവൻ പിള്ള, കമുകുംചേരി ലളിത എന്നിവരുടെ വീടുകളാണ് തകർന്നത്. മരച്ചീനി, ചേന, വെറ്റില, പയർ, പടവലം, പാവൽ ഉൾപ്പെടെ ലക്ഷങ്ങളുടെ കാർഷികവിളകൾ നശിച്ചു. പനംപറ്റ പുനലൂർ പ്രധാന പാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പത്തനാപുരം ഫയർഫോഴ്സ് യൂണിറ്റിലെ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനരാരംഭിച്ചത്. പിടവൂർ, പനംപറ്റ , കമുകുംചേരി . പുളി വിള, പഴഞ്ഞീക്കടവ് , പട്ടാഴി , തലവൂർ,ആവണീശ്വരം മേഖലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. പ്രകൃതി ക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേഗത്തിൽ നല്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ പറയുന്നു.