ayilara

ഏരൂർ: അഞ്ചൽ ഏരൂർ അയിലറയിൽ സ്കൂൾ വാൻ മറി‌ഞ്ഞ് ക്ലീനർക്കും ആറ് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. അയിലറ യു.പി.എസിന്റെ വാനാണ് മറിഞ്ഞത്. വാരിയെല്ലിന് നേരിയ പൊട്ടലേറ്റ ക്ലീനർ അയിലറ അനിഭവനിൽ ശശിധരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ വിദ്യാർത്ഥികൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.

വിളക്കുപാറ - അയിലറ റോഡിൽ ഈച്ചംകുഴിയിലെ കുത്തനെയുള്ള കയറ്റത്തിലായിരുന്നു അപകടം. കഷ്ടിച്ച് മൂന്ന് മീറ്റർ വീതിയിലുള്ള കോൺക്രീറ്റ് റോഡാണിത്. എതിരെ വന്ന പിക്കപ്പ് വാൻ പെട്ടെന്ന് റോഡ് മുറിച്ചുകടന്നപ്പോൾ സ്കൂൾ വാൻ ബ്രേക്കിട്ടു. എന്നാൽ വാൻ പിന്നോട്ട് ഉരുണ്ട് തൊട്ടടുത്തുള്ള മൺതിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെയും ക്ലീനറെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചു. മൺതിട്ടയിൽ ഇടിച്ചില്ലായിരുന്നെങ്കിൽ വാൻ കൂടുതൽ താഴേക്ക് പോയി വലിയ അപകടം സംഭവിച്ചേനെ. 14 വിദ്യാർത്ഥികളാണ് വാനിലുണ്ടായിരുന്നത്.