t
t

കൊല്ലം: വരുമാന മാർഗങ്ങളടഞ്ഞ മൺറോത്തുരുത്തിന് സർക്കാരിന്റെ ചെറിയൊരു കൈത്താങ്ങ്. വരുമാനം കുറഞ്ഞ ഗ്രാമപഞ്ചായത്തുകളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 10 കോടി രൂപയിൽ 39.43 ലക്ഷം (ഗ്യാപ് ഫണ്ട്) മൺറോത്തുരുത്തിന് അനുവദിച്ച് സർക്കാർ ഉത്തരവായി. ആര്യങ്കാവ്, തെക്കുംഭാഗം പഞ്ചായത്തുകൾക്കും സർക്കാരിന്റെ ഫണ്ട് ലഭിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന മൺറോത്തുരുത്തിന്റെ ദുരിതക്കാഴ്ചകളെപ്പറ്റി നിരവധി തവണ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. സമാന അവസ്ഥ നിലനിൽക്കെ 2019ൽ 71 ലക്ഷം രൂപ സർക്കാരിൽ നിന്ന് കിട്ടിയ തുരുത്തിന് പിന്നീട് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ശമ്പളം, ഓണറേറിയം, കടത്തുവള്ളത്തിന്റെ കുടിശ്ശിക ഉൾപ്പെടെ നൽകാനാണ് അന്ന് ഈ തുക വിനിയോഗിച്ചത്. പിന്നീട് പഞ്ചായത്ത് ഭരണസമിതി പല തവണ സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

# ബാദ്ധ്യത 70 ലക്ഷം

 പഞ്ചായത്തിന് നിലവിലെ ബാദ്ധ്യത 70 ലക്ഷം

 മെമ്പർമാരുടെ ഓണറേറിയം ജൂണിൽ മുടങ്ങി

 ജീപ്പ് ഷെഡിൽ കയറിയിട്ട് ആറുമാസം

 13 ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ജനറൽ പർപ്പസ് ഫണ്ടിൽ നിന്ന്

 പി.എഫ് ഉൾപ്പെടെയുള്ളവ അടയ്ക്കുന്നില്ല

 കടത്തു ജീവനക്കാർക്ക് നൽകിയിരുന്ന പ്രതിമാസ വേതനം ₹1,000 മുടങ്ങിയിട്ട് ഒരു വർഷം

 തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എ‌ൻജിനീയർ, ഓവർസിയർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ വേതനം മുടങ്ങിയിട്ട് മൂന്ന് മാസം

 ഹോമിയോ ആശുപത്രിയിലെ താത്കാലിക ജീവനക്കാരന് പത്തുമാസമായി ശമ്പളമില്ല

....................................................

# പ്രതിവർഷ വരുമാനം: ₹ 15 ലക്ഷം

 കെട്ടിടം, തൊഴിൽ, ലൈസൻസ് ഫീസ് മാത്രം വരുമാനം

 ടൂറിസത്തിൽ നിന്ന് കാര്യമായ വരുമാനമില്ല.

 ടൂറിസ്റ്റ് വള്ളങ്ങൾക്ക് ലൈസൻസ് ഫീസ് ഏർപ്പെടുത്താൻ ശ്രമിച്ചെങ്കിലും കൊവിഡ് തടസമായി

# ഗ്യാപ് ഫണ്ട് ഇങ്ങനെ

 മൺറോത്തുരുത്ത്: ₹ 38,43,488

 തെക്കുംഭാഗം: ₹ 20,68,939

 ആര്യങ്കാവ് ₹ 3,94,692