xp
പാവുമ്പ മൈങ്ങിനാൽ പുഞ്ചപ്രദേശം.

തഴവ: വേനൽക്കാലമായതോടെ വട്ടക്കായലും ചുരുളിയും മൈങ്ങിനാൽ പുഞ്ചയുമെല്ലാം അതിന്റെ മുഴുവൻ സൗന്ദര്യവും പുറത്തെടുക്കുകയാണ്.

അർദ്ധവനമേഖലകൾ, അമ്പൽ പൊയ്കകൾ, കണ്ണെത്താദൂരം പൂവിട്ട് നിൽക്കുന്ന പുൽത്തകിടികൾ, ചെറുതോണികളിൽ മീൻ പിടിക്കുന്ന ഗ്രാമവാസികൾ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാവുമ്പ കല്ലുപാലം... എന്നിങ്ങനെ പ്രകൃതി രമണീയമായ ഈ പ്രദേശത്തെ അടുത്തറിയാനും സൗന്ദര്യം ആസ്വദിക്കാനുമായി ഇപ്പോൾ തന്നെ ധാരാളം ആളുകൾ വന്നുപോകുന്നുണ്ട്. എന്നാൽ,​ കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്ത് എത്തിച്ചേരാൻ ഗതാഗത യോഗ്യമായ ഒരു റോഡുപോലുമില്ലെന്നതാണ് സങ്കടകരം.

കണ്ണഞ്ചാലിൽ പാലം മുതൽ തൊടിയൂർ പാലം വരെ പണ്ട് വ്യാപകമായി തോണികൾ ഉപയോഗിച്ചിരുന്നെങ്കിലും അത് നിലനിർത്താൻ പിന്നീട് നടപടിയുണ്ടായില്ല. വിവാഹ വീഡിയോകൾ,​ ആൽബങ്ങൾ, പരസ്യചിത്രങ്ങൾ, കവർ പേജുകൾ എന്നിവ ചിത്രീകരിക്കാനായി ധാരാളം പേർ ഇവിടെ എത്താറുണ്ടെങ്കിലും ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേയ്ക്ക് പോകാൻ മാർഗമില്ലാത്തതിനാൽ പലരും നിരാശരായി മടങ്ങുകയാണ് പതിവ്.

കാണാൻ വരും

നല്ല കാശും കിട്ടും

ടി.എസ് കനാലിലെ ചെളിയും മണ്ണും നീക്കി,​ ആഴം കൂട്ടി ഫൈബർ ബോട്ട് സർവീസ് നടത്തിയും കനാലിന് ഇരുവശത്തെയും ബണ്ടുകളുടെ വീതി വർദ്ധിപ്പിച്ചും യാത്രാ സൗകര്യം ഉറപ്പാക്കിയാൽ തന്നെ ഇവിടം സഞ്ചാരികളെക്കൊണ്ട് നിറയുമെന്നതിൽ സംശയമില്ല.സായാഹ്ന വിശ്രമകേന്ദ്രങ്ങൾ, ലഘു ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങൾ, പ്രാദേശിക കാർഷിക ഉല്പന്ന വിപണ കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.

പാവുമ്പ കല്ലുപാലം സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പ് നീക്കം തുടങ്ങിയതാണ്. എന്നാൽ,​ ഇതിനനുസരിച്ചുള്ള ഭൗതിക പശ്ചാത്തലം ക്രമീകരിക്കുന്നതിനോ, സാദ്ധ്യതയുള്ള മറ്റ് മേഖലകളുമായി ബന്ധിപ്പിക്കുന്നതിനോ പ്രദേശിക തലത്തിൽ യാതൊരു നടപടികളും ഇനിയും ആരംഭിച്ചിട്ടില്ല.

ചുരുളി മേഖലയിൽ ത്രിവേണി ജംഗ്‌ഷൻ മുതൽ രണ്ടര കിലോമീറ്റർ ദൂരത്തിൽ ബണ്ട് റോഡ് നിർമ്മിച്ചെങ്കിലും,​ കുണ്ടും കുഴിയും നിറഞ്ഞ് ചെമ്മൺപാത പോലെ കിടക്കുന്ന ഇതിലൂടെ ഇരുചക്രവാഹനയാത്ര പോലും ദുഷ്കരമാണ്. ചുരുളി ഉൾപ്പടെയുള്ള പ്രദേശത്തെ അർദ്ധ വനമേഖലകളിൽ കൊടുംവേനലിൽ പോലും സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സുഖാനുഭവം കാര്യക്ഷമമായി വിനിയോഗിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതോടെ ഇവിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ സുഖവാസ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. തൊടിയൂർ പാലം മുതൽ കണ്ണഞ്ചാലിൽ പാലം വരെയുള്ള സ്ഥലങ്ങളെ വിവിധ മേഖലകളായി തിരിച്ച് വേനൽക്കാല വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിച്ചാൽ പോലും പാവുമ്പയുടെ സാമ്പത്തിക സാഹചര്യത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയും.