
കരുനാഗപ്പള്ളി: പശ്ചിമ തീര കനാലിനെ മാലിന്യ വിമുക്തമാക്കാൻ കരുനാഗപ്പള്ളി നഗരസഭ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. പശ്ചിമതീര കനാലിൽ വൻ തോതിൽ മലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കനാൽ കടന്ന് പോകുന്ന നഗരസഭയുടെ പരിധിക്കുള്ളിൽ അടിയന്തരമായി സി.സി ടി.വി കാമറകൾ സ്ഥാപിക്കും. നഗരസഭ ഉദ്യോഗസ്ഥരുടെ രാത്രികാല പട്രോളിംഗ് ശക്തപ്പെടുത്തും. മാലിന്യം നിക്ഷേപക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലുംകടവ് ഒന്നാം ഡിവിഷൻ മുതൽ തെക്കോട്ട് ഇരുപതാം ഡിവിഷന്റെ പരിധിയിൽ വരുന്ന കൊതുമുക്ക് വട്ടക്കായൽ വരെ എട്ട് കിലോമീറ്റർ ദൈർഘ്യത്തിലാണ് പശ്ചമതീര കനാൽ നഗരസഭാ പരിധിയിലൂടെ കടന്നുപോകുന്നത്. പശ്ചിമ കനാലിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംരക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. കൈയേറ്റം ഉൾപ്പെടെയുള്ള നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് റവന്യുവകുപ്പുമാണ്. ദേശീയ ജലപാതയുടെ വാട്ടർ ലൈൻ കടന്ന് പോകുന്ന ഭാഗം ആഴം കൂട്ടി സംരക്ഷിക്കുന്നത് ദേശീയ ജലപാതാ അതോരിട്ടിയാണ്. 70 മീറ്റർ വീതിയിലാണ് വാട്ടർ ലൈൻ കടന്ന് പോകുന്നത്. ഇതിന്റെ ഇരുവശങ്ങളിൽ നിന്ന് മണ്ണ് നീക്കി ആഴം കൂട്ടുന്നതിന്റെ ഉത്തരവാദിത്വം ഉൾനാടൻ ജലഗതാഗത വകുപ്പിനാണ്. കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയിൽ വരുന്ന ക്ലാപ്പന,ആലപ്പാട്, കുലശേഖരപുരം, പന്മന, ചവറ, നീണ്ടകര ഗ്രാമപഞ്ചായത്തുകളും കരുനാഗപ്പള്ളി നഗരസഭയുമാണ് പശ്ചിമ തീര കനാലിന്റെ പരിധിയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ഗ്രാമപഞ്ചായത്തുകളും നഗരസഭയും സംയുക്തമായി മുന്നിട്ടിറങ്ങിയാൽ കനാലിനെ മാലിന്യ വിമുക്തമാക്കാൻ കഴിയും.