കൊല്ലം: നഗരസഭ പൊളിച്ചു കളഞ്ഞ സെപ്ടിക് ടാങ്കിന് പകരം വീട്ടിൽ പുതിയ ടാങ്ക് നിർമ്മിക്കാൻ നൽകിയ അപേക്ഷ അടിയന്തിരമായി തീർപ്പാക്കിയില്ലെങ്കിൽ നഗരസഭ സെക്രട്ടറിക്കെതിരെ കടുത്ത നടപടി നിർദ്ദേശിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കൊല്ലം മതിലിൽ സ്വദേശി ബിനു പീറ്റർ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരിയുടെ നിർദ്ദേശം. പരാതിക്കാരന്റെ വീട്ടിലെ സെപ്ടിക് ടാങ്ക് കാരണം അയൽവാസിയുടെ കിണർ മലിനമായെന്ന പരാതിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ടാങ്ക് നഗരസഭ പൊളിച്ചു നീക്കിയിരുന്നു, പുതിയ ടാങ്ക് നിർമ്മിക്കാൻ അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബർ 28 ന് നൽകിയ അപേക്ഷ നഗരസഭ മനപൂർവ്വം വൈകിപ്പിക്കുന്നതായും പരാതിക്കാരൻ ആരോപിച്ചു.