ശാസ്താംകോട്ട: സംഘമായെത്തിയ തെരുവ് നായ്കൾ ഒമ്പത് ആടുകളെ കടിച്ചു കൊന്നു. പള്ളിശ്ശേരിക്കൽ കല്ലുവിള ജംഗ്ഷന് സമീപം സ്വാലിഹ് മൻസിലിൽ മുഹമ്മദ് സ്വാലിഹിന്റെ ആടുകളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം സ്വാലിഹിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുലർച്ചയോടെ തിരികയെത്തിയപ്പോഴാണ് ആടുകളെ കൊന്നിട്ടിരിക്കുന്നത് കണ്ടത്. ആടിന്റെ കൂട് തകർത്ത് അകത്തു കടന്ന നായ്ക്കൾ പൂർണ്ണ വളർച്ചയെത്തിയ ആടുകളെയും കടിച്ച് കൊല്ലുകയായിരുന്നു.
ആടുവളർത്തൽ ജീവിത മാർഗ്ഗമാക്കിയ സ്വാലിഹിന് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ട്.