lab
ആരോഗ്യകേന്ദ്രത്തിൽ ഹൈടെക് ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു

കൊട്ടാരക്കര : നെടുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശനിദശ മാറും. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും. സംസ്ഥാന ബഡ്‌ജറ്റിൽ ഒന്നരക്കോടി രൂപയാണ് കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണജോലികൾ ഉടനെ തുടങ്ങാനാണ് ആലോചന. രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകും. ഇതോടെ ആരോഗ്യ കേന്ദ്രത്തിന്റെ നിലവിൽ ഉള്ള പരിമിതികൾ നീങ്ങും.

ലാബ് സൗകര്യം

ആനക്കോട്ടൂർ വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ പരിമിതികൾ അക്കമിട്ട് നിരത്തി കഴിഞ്ഞ സെപ്തംബർ 16ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നൂറുകണക്കിന് രോഗികൾ ദിവസവും എത്തുന്ന ആരോഗ്യ കേന്ദ്രത്തിൽ ലാബ് സൗകര്യം അടക്കം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളും വാർത്തയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി പ്രത്യേക താല്പര്യമെടുത്ത് ലാബ് സൗകര്യം ഒരുക്കി. മറ്റ് അടിസ്ഥാന സൗകര്യങ്ങളും തയ്യാറാകുന്നുണ്ട്. ആരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചു ജില്ലാ പഞ്ചായത്ത്‌ പകൽ വീട് നിർമ്മിച്ചതും നാടിന് സമർപ്പിച്ചു.

ഹൈടെക് ലാബ് ഉദ്ഘാടനം

ആരോഗ്യ കേന്ദ്രത്തിൽ തയ്യാറാക്കിയ ഹൈടെക് ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ .എൻ .ബാലഗോപാൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ. സത്യഭാമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. സുമലാൽ പകൽ വീടിന്റെ താക്കോൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജലജ സുരേഷിന് കൈമാറി. സ്റ്റാൻഡിം കമ്മിറ്റി ചെയർമാൻ ആർ. രാജശേഖരൻ പിള്ള, മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മി കൃഷ്ണൻ, എം. ലീലാമ്മ, ആർ. എസ്. അജിത കുമാരി, എസ്. വിദ്യ, ബി. രഞ്ജിനി എന്നിവർ സംസാരിച്ചു.