
കൊല്ലം: ജനപക്ഷത്തുനിന്ന് പ്രവർത്തിച്ച ധീരവനിതയായിരുന്നു സുഗതകുമാരിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സോഷ്യൽ സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സുഗതകുമാരി കവിതാ അവാർഡ് കൊല്ലം പ്രസ് ക്ലബ് ഹാളിൽ കവി അനീഷ്.കെ. അയിലറയ്ക്ക് നൽകി സംസാരിക്കുകയായിരുന്നു എം.പി. സാമൂഹ്യവിഷയങ്ങൾ ഏറ്റെടുക്കുന്നതിനും അവ വിജയിപ്പിക്കുന്നതിനുമുള്ള ആത്മാർത്ഥത സുഗതകുമാരി കാട്ടിയിരുന്നു. എഴുത്തുകാരി എന്നതിനപ്പുറം പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ആക്ഷേപങ്ങളെ അലങ്കാരമായി കാണുന്നതിനും സുഗതകുമാരിക്ക് കഴിഞ്ഞിട്ടുണ്ട്. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് വി. സജിതകുമാരി അദ്ധ്യക്ഷയായി. കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തി. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, സംസ്ഥാന സാക്ഷരതാ സമിതി അംഗം അഡ്വ. ആർ. സജിലാൽ, അഞ്ചൽ ജഗദീശൻ തുടങ്ങിയവർ സംസാരിച്ചു. എൻ.കെ. ബാലചന്ദ്രൻ സ്വാഗതവും പി. വേണുഗോപാൽ നന്ദിയും പറഞ്ഞു.