phot
ഇടമൺ സത്രം ജംഗ്ഷനിൽ പ്രവർത്തനം നിലച്ച പബ്ലിക്ക് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം നാശത്തിൻെറ വക്കിലെത്തിയ നിലയിൽ

പബ്ലിക് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നില്ല

പുനലൂർ: തെന്മല ഗ്രാമ പഞ്ചയത്തിന്റെ നിയന്ത്രണത്തിൽ ഇടമൺ സത്രം ജംഗ്ഷനിൽ അനാഥമായി കിടക്കുന്ന പബ്ലിക് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമായി. കാൽ നൂറ്റാണ്ട് മുമ്പ് മാ‌ർക്കറ്റിന്റെ പ്രവർത്തനം നിലച്ചത് കാരണം പഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടം. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ 20 വർഷം മുമ്പ് മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾ ചെലവഴിച്ച് പണികഴിപ്പിച്ച കെട്ടിടവും നശിക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്സിനായി പണിത കെട്ടിടം വാടകക്ക് നൽകിയാൽ പഞ്ചായത്തിന് നല്ലൊരു തുക വരുമാനം ലഭിക്കും.

മാർക്കറ്റിന്റെ പ്രവർത്തനം അവതാളത്തിലായി

വ‌ർഷങ്ങൾക്ക് മുമ്പ് ഇടമൺ- റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പബ്ലിക് മാർക്കറ്റാണ് സത്രം ജംഗ്ഷന് സമീപം മാറ്റി സ്ഥാപിച്ചത്. കല്ലട ഇറിഗേഷന്റെ വലത്കര കനാലിന് ആവശ്യമായ ഭൂമി ഏറ്റെടുത്തതിനെ തുടർന്നാണ് മാർക്കറ്റ് മാറ്റി സ്ഥാപിച്ചത്. പകരം പഞ്ചായത്ത് സത്രം ജംഗ്ഷന് സമീപത്താണ് ഭൂമി വാങ്ങിയത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ കെട്ടിടം നിർമ്മിച്ച് മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. രണ്ട് വർഷത്തോളം നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റിൽ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിയിരുന്ന മത്സ്യ വ്യാപാരികളെയും കർഷകരെയും പ്രദേശത്തെ കച്ചവടക്കാർ തുരത്തി ഓടിച്ചു. അതോടെ മാർക്കറ്റിന്റെ പ്രവർത്തനം അവതാളത്തിലായി. കിഴക്കൻ മലയോര മേഖലയിലെ കാർഷിക വിളകളും മറ്റും വിറ്റഴിക്കാവുന്ന തരത്തിലായിരുന്നു അന്ന് മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ കർഷകർക്ക് കാർഷിക ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനും എളുപ്പമായിരുന്നു.

അധികൃതർ ഇടപെടുന്നില്ല

പബ്ലിക് മാർക്കറ്റിന്റെ പ്രവർത്തനം നിലച്ചതോടെ കൊല്ലം-തിരുമംഗം ദേശീയ പാതയിലെ ഇടമൺ-34ലെ പാതയോരത്ത് കടച്ചവടക്കാർ വ്യാപാരം ആരംഭിച്ചു. പാതയോരത്ത് രണ്ട് ഭാഗങ്ങളിലും മത്സ്യവ്യാപാരികൾ കച്ചവടം ആരംഭിച്ചതോടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയുള്ള അപകടങ്ങളും വർദ്ധിച്ചു. എന്നാൽ പാതയോരത്ത് വ്യാപാരികളുടെ എണ്ണം വർദ്ധിച്ചെങ്കിലും ഇവരെ ഇടമൺ സത്രം ജംഗ്ഷനിൽ അനാഥമായി കിടക്കുന്ന പബ്ലിക് മാർക്കറ്റിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായില്ല. രണ്ട് വർഷം മുമ്പ് കൊവിഡ് രൂക്ഷമായതോടെ തെന്മല പൊലീസ് എത്തിയാണ് ദേശീയ പതയോരത്തെ വ്യാപാരങ്ങൾ നിറുത്തി വയ്പ്പിച്ചത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ വ്യാപാരികൾ വീണ്ടും പാതയോരത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.