കിഴക്കേക്കല്ലട: കൊല്ലം തേനി ദേശീയപാതയിൽ കല്ലടയാറ്റിലെ കടപുഴ പാലം ഇരുട്ടിലായിട്ടും നടപടിയില്ല. കിഴക്കേക്കല്ലട, പടിഞ്ഞാറേക്കല്ലട പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പാലത്തിന്റ ഇരുവശത്തും പരസ്യബോർഡുകളിൽ നേരത്തേ തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പരസ്യ ബോർഡുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
നിലവിൽ വൈദ്യുത വിളക്കുകൾ ഒന്നും കത്തുന്നില്ല. പാലത്തിൽ വെളിച്ചമില്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധർ പാലത്തിന്റെ കരയിലും വെള്ളത്തിലുമെല്ലാം രാത്രിയിൽ മാലിന്യം തള്ളുന്നത് പതിവാണ്. കാൽനട യാത്രക്കാരും രാത്രിയിൽ ഇവിടെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പാലത്തിലെ വിളക്കുകൾ പ്രകാശിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകളോ ദേശീയപാത അധികൃതരോ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.