rrvvsmmhs
പ്രയാർ ആർ. വി. എസ്.എം. എച്ച്. എസ് എസിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർഥികളുടെ പുസ്തകസമ്മാനം സ്കൂൾ മാനേജർ പ്രൊഫ. കെ കൃഷ്ണപിള്ള ഓച്ചിറ പബ്ലിക് ലൈബ്രറി ഭാരവാഹികൾക്ക് കൈമാറുന്നു

ഓച്ചിറ: തെക്കൻ കേരളത്തിലെ അക്ഷരപ്പുരയായ ഓച്ചിറ പബ്ലിക് ലൈബ്രറിയ്ക്ക് നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ പുസ്തക സമ്മാനം. പ്രയാർ ആർ. വി. എസ്.എം. എച്ച്. എസ്.എസിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയായ അക്ഷരദീപം - വായിച്ചു വളരാം പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. പ്രയാർ സ്‌കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപിക ടി. ജി. തങ്കമണിഅമ്മയാണ് എൻ.എസ് .എസിന്റെ അക്ഷരദീപം പദ്ധതിയിലേക്ക് നൂറ്റിയൻപതിലധികം റഫറൻസ് പുസ്തകങ്ങൾ നൽകിയത്. റഫറൻസ് പുസ്തകങ്ങളും എൻ.എസ്.എസ് വോളണ്ടിയർമാർ ശേഖരിച്ച പുസ്തകങ്ങളുമാണ് ഗ്രന്ഥശാലയ്ക്ക് നൽകിയത്. സ്‌കൂൾ മാനേജർ പ്രൊഫ. കെ കൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് ബി. ഹരിമോഹൻ കുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജി .ജയശ്രീ സ്വാഗതം ആശംസിച്ചു .ടി. ജി. തങ്കമണിഅമ്മ മുഖ്യപ്രഭാഷണം നടത്തി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി മുരളീധരൻ പിള്ള എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.പി. ടി.എ വൈസ് പ്രസിഡന്റ് കെ. ആർ. വത്സൻ, പ്രഥമാദ്ധ്യാപിക പി. മായ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. വിമൽ കുമാർ, ലൈബ്രറി വനിതാവേദി പ്രസിഡന്റ് സിനി ഉണ്ണികൃഷ്ണൻ, ഭാരവാഹികളായ പി. രാജു, നൂഹ് കണ്ണ്, എൻ. എസ്. എസ് വോളണ്ടിയർ ലീഡർ ലക്ഷ്മികൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു.