കൊട്ടാരക്കര: മേൽക്കുളങ്ങരയിലെ റോഡ് തകർന്നതിനെ തുടർന്ന് നിറുത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് നാളുകളേറെയായി.റോഡ് ഗതാഗത യോഗ്യമാക്കിയിട്ടും ബസ് സർവീസ് പുനരാരംഭിക്കാത്തതിൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല.കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് സർവീസികൾ ആരംഭിക്കുന്നതിനായി ധനമന്ത്രി പ്രത്യേകം താൽപ്പര്യമെടുത്ത് കൂടുതൽ ബസ് സർവീസുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ

ഗ്രാമീണ ബസ് സർവീസുകൾക്കായി തയ്യാറാക്കിയ പട്ടികയിൽ മേൽക്കുളങ്ങര ഇല്ലാത്തത് പ്രദേശവാസികളെ കടുത്ത നിരാശയിലാഴ്ത്തി.

നിവേദനങ്ങൾ നൽകി, പരിഹാരമില്ല

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് മുതൽ ഗതാഗത വകുപ്പ് മന്ത്രിക്കുവരെ നിവേദനം നൽകിയിട്ടും മേൽക്കുളങ്ങര നിവാസികളുടെ യാത്രാക്ളേശത്തിന് പരിഹാരമായില്ല.പ്രദേശവാസികളുടെ യാത്രാക്ളേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. സ്ഥലം എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ.ബാലഗോപാലിനും ഗതാഗതമന്ത്രി ആന്റണി രാജുവിനും നഗരസഭ അദ്ധ്യക്ഷനും ഉൾപ്പെടെ നിവേദനം നൽകി. കെ.എസ്.ആർ.ടി.സി അധികൃതർക്കും നിവേദനവും നൽകി. എന്നിട്ടും യാതൊരു ഗുണവുമുണ്ടാവാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാരുടെ യാത്രാദുരിതം മാറാൻ ബസ് സർവീസുകൾ അത്യാവശ്യമാണ്. അധികൃതർ മേൽക്കുളങ്ങരക്കാരുടെ പ്രശ്നം ഗൗരവമായി കാണണം

കെ.പ്രഭാകരൻ

എസ്.എൻ.ഡി.പി യോഗം

മേൽക്കുളങ്ങര ശാഖാ പ്രസിഡന്റ്