കൊല്ലം: ഇന്ധന വിലവർദ്ധനയിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
ഇന്ധന വിലനിയന്ത്രണം നടത്തുന്നത് റഗുലേറ്ററി അതോറിട്ടിയാണെന്നുളള കേന്ദ്ര സർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. രാജ്യത്തെ ഇന്ധനവില വർദ്ധനയും ആഗോളവിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് വിലവർദ്ധനവിലെ വ്യത്യാസം. സംസ്ഥാന നിയമസഭകളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചാലും രാജ്യത്തെ ഇന്ധന വില വർദ്ധിക്കുന്നില്ല. എന്നാൽ ക്രൂഡ് ഓയിൽ വില താഴുമ്പോഴും തിരഞ്ഞെടുപ്പ് ഇല്ലാത്ത സമയത്ത് ഇൻഡ്യയിൽ എല്ലാ ദിവസവും ഇന്ധനവില വർദ്ധിക്കുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന വില നിശ്ചയിക്കുന്നുവെന്നതിന് തെളിവാണിത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മണ്ണെണ്ണയുടെ വിലവർദ്ധന ഉപജീവനത്തെ വഴിമുട്ടിക്കുന്നു. കേന്ദ്ര സർക്കാരിന്റെ അമിത വിലവർദ്ധനയുടെ പ്രയോജനം നേരിട്ട് ലഭിക്കുന്ന സംസ്ഥാന സർക്കാർ പോലും വിലവർദ്ധനവിലൂടെ ലഭിക്കുന്ന അധികവരുമാനത്തിൽ നിന്നു ഒരു രൂപ പോലും കുറയ്ക്കാൻ തയ്യാറാകുന്നില്ല. ഇന്ധനവില വർദ്ധന കുറയ്ക്കാനും ഇന്ധനങ്ങളുടെ മേലുളള നികുതി വെട്ടിക്കുറയ്ക്കാനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും സബ്സിഡി അനുവദിച്ച് വിലയിൽ കുറവ് വരുത്തി വിതരണം ചെയ്യാനും സർക്കാർ തയ്യാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു.