കൊട്ടാരക്കര: ശക്തമായ കാറ്റിലും മഴയിലും പടിഞ്ഞാറ്റിൻകരയിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചു. വൈകിട്ട് നാലുമണിയോടെ ഇടിയോടൊപ്പം എത്തിയ കാറ്റിലും മഴയിലും റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് മഞ്ചേരിമുക്കിൽ അശോക് ഭവനിൽ ചന്ദ്രൻപിള്ളയുടെ പറമ്പിൽ നിന്ന ആഞ്ഞിലി , മാവ് എന്നീ മരങ്ങൾ കടപുഴകി കടയുടെ മേൽ പതിച്ചു മതിലും തകർന്നു. മതിൽ തകർന്ന് റോഡിലേക്ക് മറിഞ്ഞ മരങ്ങൾ കൊല്ലം തിരുമംഗലം ദേശീയ പാതയിൽ റോഡിന് കുറുകെ വീണ് ഗതഗത തടസം സൃഷ്ടിച്ചു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. ആദിയഴികത്ത് മോഹനന്റെ പറമ്പിലെ അമ്പതോളം കുലച്ച വാഴകൾ ഒടിഞ്ഞു. ചന്ദ്രൻപിള്ളയുടെ പറമ്പിലെയും വാഴകൾ ഒടിഞ്ഞുവീണു. ജംഗ്ഷനിലുള്ള കല്ലുവിള രാജന്റെ ചായക്കടയുടെ മുകളിലേക്ക് മരങ്ങൾ വീണ് നാശം സംഭവിച്ചു. ശക്തമായ കാറ്റിൽ വമ്പിച്ച കൃഷിനാശം പലഭാഗത്തും ഉണ്ടായിട്ടുണ്ട്.വയലേലകളിലെ പച്ചക്കറികളും വാഴകളുമാണ് കൂടുതലും നശിച്ചത്.