railway

 കൊവിഡ് അയഞ്ഞിട്ടും റെയിൽവേ മുറുകിത്തന്നെ!

കൊല്ലം: കൊവിഡ് നിബന്ധനകൾ മറികടന്ന് ട്രെയിനുകൾ ഓട്ടം തുടങ്ങിയിട്ടും മെമുവും പാസഞ്ചറും രംഗത്തിറക്കാൻ റെയിൽവേ തയ്യാറാവാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഓഫീസ് സമയം ക്രമീകരിച്ച് സർവീസ് നടത്തിയിരുന്ന ഈ ട്രെയിനുകൾ പുനരാരംഭിക്കാത്തതിനാൽ സ്ഥിരം യാത്രക്കാരാണ് വലയുന്നത്. ഇവ എന്നു തുടങ്ങുമെന്ന കാര്യത്തിൽ റെയിൽവേയ്ക്കും നിശ്ചയമില്ല. ഇതിനിടെ, കന്യാകുമാരി- പൂനെ ജയന്തി ജനത ഓടിത്തുടങ്ങിയതു മാത്രമാണ് യാത്രക്കാർക്ക് അല്പം ആശ്വാസമായത്.

കൊല്ലം- പുനലൂർ, കോട്ടയം- കൊല്ലം, എറണാകുളം- കോട്ടയം- കായംകുളം, എറണാകുളം- ആലപ്പുഴ- കായംകുളം, കൊല്ലം- തിരുവനന്തപുരം പാസഞ്ചറുകളൊന്നും ഓടുന്നില്ല. ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമായിരുന്നു ഈ ട്രെയിനുകൾ. ചെറിയ സ്റ്റേഷനുകളിൽ ഉൾപ്പെടെ ഇവയ്ക്ക് സ്റ്റോപ്പുണ്ടായിരുന്നു. രാവിലെ 6.30ന് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പാസഞ്ചർ മയ്യനാട്, ഇരവിപുരം പ്രദേശങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. നിലവിൽ യാത്രക്കാർ കൊല്ലത്തെത്തി 7.10നുള്ള മലബാർ എക്സ്‌പ്രസിലോ പിന്നീടുള്ള പുനലൂർ- തിരുവനന്തപുരം, ഇന്റർസിറ്റി, വഞ്ചിനാട് തുടങ്ങിയ ട്രെയിനുകളിലോ കയറേണ്ട അവസ്ഥയാണ്. ജോലികഴിഞ്ഞ് വീട്ടിലെത്തണമെങ്കിലും കൊല്ലം സ്റ്റേഷനെ ആശ്രയിക്കണം. ചെറിയ സ്റ്റോപ്പുകളിലെ യാത്രക്കാരെയാണ് പാസഞ്ചർ ദൗർലഭ്യം ബാധിക്കുന്നത്.

 അസമയത്തെ സർവീസ്

കൊവിഡ് കാലത്ത് ഓട്ടം നിലച്ച മെമു സർവീസുകളിൽ പലതും പുനരാരംഭിച്ചില്ല. രാവിലെ കൊല്ലത്തു നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തിനും വൈകിട്ട് കൊല്ലത്തേക്കും ഓടിക്കൊണ്ടിരുന്ന ആ മെമു 'ഒളിവി'ലാണ്. അതിരാവിലെ അസമയത്ത് കൊല്ലത്തു നിന്ന് പോകുന്ന മെമു മാത്രമാണ് നിലവിൽ യാത്രക്കാർക്ക് ആശ്രയം. ഇതാവട്ടെ ഉപകാരപ്പെടുന്നുമില്ല. രാവിലെ 9.15ന് കൊല്ലത്തു നിന്ന് തിരുവനന്തപുരം വഴി കന്യാകുമാരി സർവീസ് നടത്തിയിരുന്ന മെമുവും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന എറണാകുളം- വേളാങ്കണ്ണി പ്രതിവാര സ്പെഷ്യൽ ട്രെയിനും കൊവിഡ് കാലത്ത് സർവീസ് നിറുത്തി. ഈ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യത്തിനും പഴക്കമേറുകയാണ്.

..........................................

റെയിവേയുടെ അവഗണനയിൽ ഏറെ ബുദ്ധിമുട്ടുന്നത് സഥിരം യാത്രക്കാരും സീസൺ ടിക്കറ്റുകാരുമാണ്. നിറുത്തി വച്ച എല്ലാ പാസഞ്ചർ, മെമു സർവിവീസുകളും പുനരാരംഭിക്കണം

യാത്രക്കാർ