phot
പുനലൂർ ശ്രീരാമപുരം മാർക്കറ്റിനഉളളിലെ പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് റോഡ്

ബഡ്ജറ്റുകളിൽ തുക വകയിരുത്തും പക്ഷേ

പുനലൂർ: പുനലൂർ ശ്രീരാമപുരം മാ‌ർക്കറ്റ് നവീകരണം അന്തമായി നീളുന്നത് കാരണം വ്യാപാരികളുടെയും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെയും ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയാണ്. പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള മാർക്കറ്റ് അര നൂറ്റാണ്ടായി തകർച്ചയിലാണ്. എല്ലാ ബഡ്ജറ്റുകളിലും ശ്രീരാമപുരം മാർക്കറ്റ് നവീകരിച്ച് മോടി പിടിപ്പിക്കാൻ തുക വകയിരുത്തുമെങ്കിലും ഇതു വരെ ഒന്നും നടന്നി‌ട്ടില്ല. കഴിഞ്ഞ മാസം അവതരിപ്പിച്ച ബഡ്ജറ്റിലും മാർക്കറ്റ് നവീകരിച്ച് മോടി പിടിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ഇത് നടപ്പിലാകുമെന്ന് വ്യാപാരികൾക്ക് ഉറപ്പില്ല.

അറ്റകുറ്റ പണികളില്ലാതെ കെട്ടിടങ്ങൾ നാശത്തിലേക്ക്

ഓല മേഞ്ഞതോ ടാർപ്പാളിൽ വലിച്ച് കെട്ടിയോ നിർമ്മിച്ച ഷെഡുകളിലാണ് വ്യാപാരികളിൽ ഏറെയും കച്ചവടം നടത്തുന്നത്. അര നൂറ്റാണ്ട് മുമ്പ് മാർക്കറ്റിനുള്ളിൽ നഗരസഭ പണികഴിപ്പിച്ച ഷോപ്പിംഗ് കോംപ്ലക്സും അനുബന്ധ കെട്ടിടങ്ങളും നാശത്തിലേക്ക് നീങ്ങുകയാണ്. യഥാസമയങ്ങളിൽ അധികൃത‌ർ അറ്റകുറ്റ പണികൾ ചെയ്യാത്തതാണ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ശോച്യാവസ്ഥയ്ക്ക് മുഖ്യകാരണം. പുനലൂർ-പേപ്പർ മിൽ റോഡിൽ നിന്ന് മാർക്കറ്റിനുള്ളിലേക്ക് കയറുന്ന കവാടം മുതൽ കോൺക്രീറ്റ് ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ഇതിനൊപ്പം വർങ്ങൾക്ക് മുമ്പ് മാർക്കറ്റിനുള്ളിലെ ഉപരിതലത്തിൽ ചെയ്ത കോൺക്രീറ്റും പൊട്ടിപ്പൊളിഞ്ഞതോടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ഏറെ ദുരിതത്തിലാണ്. മത്സ്യ മാർക്കറ്റിലേക്ക് പോകുന്ന റോഡും തകർച്ച ഭീഷണി നേരിടുകയാണ്. ചീഞ്ഞു നാറുന്ന മത്സ്യ മാർക്കറ്റിന് സമീപം 20 വർഷം മുമ്പ് പുതിയെ കെട്ടിടം പണിആരംഭിച്ചെങ്കിലും അത് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

അധികൃതർ ഇടപെടുന്നില്ലെന്ന് പരാതി

പുനലൂർ,പത്തനാപുരം, കൊട്ടാരക്കര തുടങ്ങിയ താലൂക്കുകളിലെ വ്യാപാരികളെ കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും കച്ചവടക്കാർ ശ്രീരാമപുരം മാർക്കറ്റിലെത്തുന്നുണ്ട്.എല്ലാ ആഴ്ചകളിലെയും തിങ്കളും വ്യാഴവുമാണ് പ്രധാനമായും ചന്ത പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ ദിവസങ്ങളിലും മാർക്കറ്റിൽ എല്ലാ വ്യാപാരങ്ങളും നടക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പിൻ വലിച്ചതോടെ എല്ലാ ദിവസും മാർക്കറ്റിൽ നല്ല തിരക്കാണ് എന്നാൽ മാർക്കറ്റ് നവീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതിയും ശക്തമായി.