treat
പോളിയോ ബാധിച്ച് തളർന്ന് കിടക്കുന്ന യുവാവിന്റെ കുടുംബത്തിന് നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്വരൂപിച്ച ചികിത്സാ ധനസഹായം എസ് .ഐ. പ്രിയ ബന്ധുക്കൾക്ക് കൈമാറുന്നു.

പത്തനാപുരം : 23 വർഷമായി പോളിയോ ബാധിച്ച് തളർന്ന് കിടക്കുന്ന യുവാവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ . ജീവകാരുണ്യ നന്മ ചാരിറ്റിയുടെ ഭാഗമായി ഗാനമേള ടീം ലീഡർ പ്രസന്നയുടെ നേതൃത്വത്തിൽ സ്വരൂപിച്ച 25000 രൂപയാണ് രണ്ടാം ഗഡുവായി കൈമാറിയത്. ചടയമംഗലം പഞ്ചായത്തിൽ ഇടക്കോട് നെല്ലിവിള വീട്ടിൽ ഷൺമുഖൻ- രാധ ദമ്പതികളുടെ മകൻ സുധീഷിനാണ് ധനസഹായം നൽകിയത്. തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ ചികിത്സയിലുള്ള സുധീഷിന് ഓരോ വർഷവും 75000 രൂപ വിലയുള്ള ഇൻജക്ഷനും മറ്റ് തുടർ ചികിത്സയും നടത്തിയാൽ മാറ്റമുണ്ടാകുമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. പിതാവ് ഷൺമുഖൻ കൂലിത്തൊഴിലാളിയാണ്. സുധീഷിന്റെ ചികിത്സയ്ക്ക് വക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ് കുടുംബം. നന്മ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചുമതല വഹിക്കുന്ന വി .പി .ബീജയുടെയും പഞ്ചായത്ത് പ്രസിഡന്റ് ജെ .വി. ബിന്ദുവിന്റെയും നേതൃത്വത്തിൽ ചടയമംഗലം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പൊലീസ് സബ്ബ് ഇൻസ്പെക്ടർ പ്രിയ ചികിത്സാ ധനസഹായം കൈമാറി. എ.എസ് ഐ രാജേഷ്, നന്മ ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തകരായ സുബി ചേകം, ആര്യ .ബി. കടമ്പാട്ട് , അടൂർ സുനിൽകുമാർ , സിയാദ്, പ്രജീഷ്, പ്രഭാത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.