കൊല്ലം: സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്നു പി.വിശ്വനാഥനെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം ജില്ല ഗവൺമെന്റ് കോൺട്രാക്ടേഴ്സ് സഹകരണ സംഘത്തിന്റെയും പി.വിശ്വനാഥൻ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന പി.വിശ്വനാഥന്റെ രണ്ടാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു നിശബ്ദ ജീവിയെപ്പോലെ എല്ലാവരുടെയും താങ്ങും തണലുമായി അദ്ദേഹം നിലകൊണ്ടു. കൊല്ലത്തെ ഒട്ടേറെ വികസന മാറ്റങ്ങൾക്ക് സാക്ഷിയായി. ബഹുമുഖ പ്രതിഭയും പൗരപ്രമുഖനുമായിരുന്നു. സർക്കാർ കരാറുകാരുടെ അനിഷേധ്യ നേതാവുമായിരുന്നു. ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്ന അദ്ദേഹം, മനുഷ്യനന്മയ്ക്കായി അഹോരാത്രം യത്നിക്കുകയും കൊല്ലത്തിന്റെ മുഖഛായ മാറ്റാൻ ദീർഘവീക്ഷണത്തോടെ നിലകൊള്ളുകയും ചെയ്തുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഫൗണ്ടേഷൻ ചെയർമാനും കാഷ്യു കോർപ്പറേഷൻ ചെയർമാനുമായ എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന കുടുംബത്തിന് വീട് വയ്ക്കാനുള്ള ധനസഹായം, ചികിത്സാ ധനസഹായം, വിദ്യാർത്ഥികളെ അനുമോദിക്കൽ, കർഷക അവാർഡ് നേടിയ എം.സജീവിനേയും കായികരംഗത്ത് മികവ് തെളിയിച്ച അനുപമയേയും ഹിമയേയും എം.നൗഷാദ് എം.എൽ.എ ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചു. കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, സ്പോർട്സ് കൗൺസിൽ കൊല്ലം പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ എന്നിവർ സംസാരിച്ചു. ഗവ. കോൺട്രാക്ടേഴ്സ് സഹകരണസംഘം ജില്ലാ പ്രസിഡന്റ് പുണർതം പ്രദീപ് സ്വാഗതവും മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. ഷേണാജി നന്ദിയും പറഞ്ഞു. 'കരാറുകാരുടെ അനൈക്യം കരാറുകാരുടെ അന്തകനോ?' എന്ന വിഷയത്തിൽ കരാറുകാരുടെ സംസ്ഥാന ഏകോപന സമിതി ജനറൽ കൺവീനർ വർഗീസ് കണ്ണമ്പള്ളി നയിച്ച സെമിനാർ നടന്നു. ബിൽഡേഴ്സ് അസോ. ഒഫ് ഇന്ത്യ സ്റ്റേറ്റ് ചെയർമാൻ നജീബ് മണ്ണേൽ, പി.വിശ്വനാഥന്റെ ഭാര്യ ഡോ. ഉഷ വിശ്വനാഥൻ, മകൻ പത്മനാഭൻ, കരാറുകാരുടെ വിവിധ സംഘടനാ നേതാക്കൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.