photo
പാതി വഴിയിൽ നിർമ്മാണം നിർത്തി വെച്ച പി.എം.എ.വൈ വീടുകൾ

400 ഓളം വീടുകളാണ് പാതി വഴിയിൽ നിർമ്മാണം നിറുത്തിയത്

കരുനാഗപ്പള്ളി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം പാതി വഴിയിലായി. ഉണ്ടായിരുന്ന കൂര പൊളിച്ച ശേഷമാണ് പലരും പുതിയ വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. പഴയ കൂരകൾ നഷ്ടപ്പെടുക മാത്രമല്ല പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനും കഴിയാത്തതിന്റെ ആശങ്കയിലാണ് ആളുകൾ. പെൺകുട്ടികളുള്ള അമ്മമാരാണ് ഏറെ വിഷമിക്കുന്നത്. അടച്ചുറപ്പുള്ള വീട് ഇല്ലാത്തതാണ് ഇവരെ വലയ്ക്കുന്നത്.

സർക്കാ‌ർ വിഹിതങ്ങൾ ലഭിക്കുന്നില്ല

കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 400 ഓളം വീടുകളാണ് പാതി വഴിയിൽ നിർമ്മാണം നിറുത്തി വെച്ചിരിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിക്കേണ്ട വിഹിതങ്ങൾ യഥാസമയം ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി നഗരസഭാ അധികൃതർ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ 1.5 ലക്ഷവും സംസ്ഥാന സർക്കാരിന്റെ 50000 രൂപയും നഗരസഭയുടെ 2 ലക്ഷവും ഉൾപ്പെടെ 4 ലക്ഷം രൂപയാണ് വീടുകളുടെ നിർമ്മാണത്തിനായി നൽകുന്നത്. സർക്കാരുകളുടെ ധനസഹായം ലഭിക്കാൻ താമസം നേരിട്ടപ്പോൾ നഗരസഭ ഹഡ്കോയിൽ നിന്ന് 4 കോടി രൂപാ വായ്പ എടുത്ത് വീടുകളുടെ നിർമ്മാണത്തിനായി നൽകി. മാസങ്ങൾക്ക് മുമ്പാണ് ഈ തുക നൽകിയത്. തുടർന്ന് പണം ഇല്ലാത്തതിനാൽ വീടുകളുടെ പണി നിലച്ചു.

4 ലക്ഷം രൂപയിൽ തീരില്ല

ഇനി 4.61 കോടി രൂപ വിതരണം ചെയ്തങ്കിൽ മാത്രമേ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുകയുള്ളു. നഗരസഭ വായ്പ എടുത്തു നൽകിയ തുക ഉൾപ്പെടെ 8.61 കോടി രൂപ സർക്കാരുകളിൽ നിന്ന് നഗരസഭക്ക് ലഭിക്കണം. ഹഡ്കോയിൽ നിന്ന് വായ്പ എടുത്ത 4 കോടി രൂപായിക്കുള്ള പലിശയും നഗരസഭയാണ് നൽകേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 4 ലക്ഷം രൂപാ കൊണ്ട് വീട് പൂർത്തീകരിക്കാൻ കഴിയുകയില്ലെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്.

വിലകൂട്ടി നിർമ്മാണ സാമഗ്രികൾ

ഓരോ ദിവസം കഴിയും തോറും നിർമ്മാണ സാമഗ്രികളുടെ വില ക്രമാതീതമായി വർദ്ധിക്കുകയാണ്. വിലവർദ്ധനവിനെ അതിജീവിക്കാനുള്ള സാമ്പത്തിക ശേഷി പാവപ്പെട്ടവർക്കില്ല. അതിനാൽ പാതിവഴിക്കായ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.