krishi-nasham
വാളായിക്കോട് ഏലായിൽ കാറ്റിൽ ഒടിഞ്ഞു വീണ വാഴകൾ

എഴുകോൺ : വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ എഴുകോണിലും കരീപ്രയിലും വ്യാപക കൃഷി നാശം. എഴുകോൺ വാളയിക്കോട്, കരീപ്ര പഞ്ചായത്തിലെ ഇടയ്ക്കിടം, തളവൂർക്കോണം, കുടിക്കോട് ഏലാകളിലായി 500 ലധികം കുല വാഴകളും പയർ, പാവൽ തുടങ്ങിയ പച്ചക്കറി കൃഷികളുമാണ് കാറ്റിൽ നിലം പൊത്തിയത്.
വാളായിക്കോട് ഏലായിൽ ആമ്പാടിയിൽ രാജൻ, ആശ്രമം വീട്ടിൽ സുദർശനൻ എന്നിവരുടെ 200 ലധികം വാഴകൾ ഒടിഞ്ഞു വീണു.
ഇടയ്ക്കിടം ഏലായിൽ തെറ്റിക്കുന്നിൽ വീട്ടിൽ കൃഷ്ണ, സിബി ഭവനിൽ ചന്ദ്രമോഹനൻ , കൃഷ്ണാലയത്തിൽ അനീഷ് എന്നിവരുടെ 150 വാഴകൾ നശിച്ചു. കുടിക്കോട് ആർ.ആർ. ഹൗസിൽ മുരളിയുടെ 80 വാഴകളാണ് ഒടിഞ്ഞു വീണത്.
തളവൂർക്കോണം ഏലായിൽ മോഹനന്റെ പയർ കൃഷിയാണ് നശിച്ചത്. കൃഷി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി.