കൊട്ടാരക്കര : നെല്ലിക്കുന്നം കൊച്ചാലുമൂട് ജംഗ്ഷനിൽ റോഡിന്റെ ഇരുവശവുമുള്ള ഓടകൾ മണ്ണിട്ടുമൂടി. മഴ പെയ്താൽ പരിസരവാസികളെ ബുദ്ധിമുട്ടിക്കുന്നവിധത്തിൽ വെള്ളക്കെട്ടാകും. റോഡിനിരുവശവുമുള്ള ഓടകൾ മഴവെള്ളവും ചെളിയും മാലിന്യവും വന്നിറങ്ങി മൂടിയിരിക്കുകയാണ്.

കാൽ നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിലെത്തുന്നവരും റോഡിന് വശങ്ങളിലുള്ള വീട്ടുകാരും വലയുകയാണ്. എഴുകോൺ പി.ഡബ്ള്യു.ഡി സെക്ഷന്റെ അധീനതയിലുള്ള ഭാഗത്താണ് ഓടകൾ വൃത്തിയാകാത്തതുമൂലം വെള്ളക്കെട്ട് രൂപപ്പെടുന്നത്.

നിവേദനം നൽകിയിട്ടും നടപടി ഇല്ല

കൊച്ചാലുമൂട് ഭാഗത്ത് ഓടകൾ കോൺക്രീറ്റ് ചെയ്തു വൃത്തിയാക്കിയിട്ടുണ്ട്. ഇവിടെ മെയിൻ റോഡിൽ നിന്ന് സമീപത്തേക്ക് ഇടറോഡ് നിർമ്മിച്ചപ്പോൾ ഓടയിൽ സ്ളാബിട്ട് ഉറപ്പിക്കുന്നതിന് പകരം മണ്ണിട്ടു നികത്തിയാണ് റ‌ോഡ് നിർമ്മിച്ചത്. ഇതാണ് റോ‌ഡിൽ വെള്ളക്കെട്ടാവാൻ കാരണം. സമീപത്തുള്ള കലുങ്കിൽ നിന്ന് 100 മീറ്ററോളം സൈഡ് കെട്ടിയ ഡ്രെയിനേജും ഉണ്ട്. ഈ ഓടകൾ തെളിച്ചാൽ വെള്ളക്കെട്ട് പരിഹരിക്കാവുന്നതേയുള്ളു. ഇതു സംബന്ധിച്ച് പല തവണ നാട്ടുകാർ പി.ഡബ്ള്യു.ഡിക്കും മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മാത്രമല്ല ഈ വെള്ളക്കെട്ട് റോഡിന്റെ തകർച്ചക്കും കാരണമാകുന്നു.