ചാത്തന്നൂർ: കാരംകോട് വിമല സ്കൂളിന് മുൻവശത്തെ റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് വല്ലാത്ത തലവേദനയാവുന്നു.
ദേശീയപാത 66 കാരംകോട് കാപ്പെക്സ് ജംഗ്ഷനിൽ നിന്നു മീനാട് പാലമുക്ക് ബൈപ്പാസ് റോഡിൽ കാരംകോട് വിമല സ്കൂളിനും കിണർ മൂക്കിനും ഇടയിലാണ് വെള്ളക്കെട്ട്.

കിണറുമുക്ക് ജംഗ്ഷനിലും വിമല സ്കൂളിനു മുന്നി​ലുമുള്ള റോഡിൽ തങ്ങുന്ന മഴവെള്ളം വർഷങ്ങൾക്ക് മുമ്പ് പണിത കലുങ്കി​ന്റെ അടിയിലൂടെ ചാത്തന്നൂർ തോട്ടിലേക്കാണ് ഒഴുകിയിരുന്നത്. എന്നാൽ പാലമൂട് കാപ്പെക്സ് റോഡ് വീതി കൂടിയ സമയത്ത് കലുങ്ക് മണ്ണിട്ട് മൂടി. വെള്ളം തൊട്ടടുത്ത വസ്തുവിൽ കൂടി തോട്ടിലേക്ക് ഒഴുകുന്നതിനാൽ വെള്ളക്കെട്ട് ഇല്ലായിരുന്നു. ഇങ്ങനെ വെള്ളം ഒഴുകിയിരുന്ന വസ്തു കഴിഞ്ഞ മാസം മതിൽകെട്ടി തിരിച്ചതും റോഡിനെക്കാൾ പൊക്കത്തിൽ വശം കോൺക്രീറ്റ് ചെയ്തതും വെള്ളം കെട്ടിനിൽക്കാൻ കാരണമായി. നി​ലവി​ൽ
ചെറിയൊരു മഴ പെയ്താൽ പോലും റോഡ് വെള്ളക്കെട്ടാവുന്ന അവസ്ഥയാണ്.

കഴിഞ്ഞ മഴ സമയത്ത് റോഡിൽകൂടി വാഹനങ്ങൾക്കു പോലും പോകാൻ പറ്റാത്ത സാഹചര്യമായി​രുന്നു. കാരംകോട് ഭാഗത്തുള്ളവർ ദേശീയ പാതയിൽ എത്താനും കാപ്പെക്സിൽ ജോലിക്ക് പോകാനും വിമല സ്കൂൾ, എസ്.എൻ കോളേജ് എന്നി​വി​ടങ്ങളി​ലെ കുട്ടി​കൾക്ക് പ്രയോജനപ്പെടുന്നതുമായി​ റോഡാണി​ത്. കലുങ്ക് വൃത്തിയാക്കുക, കെട്ടിയടച്ച മതിലും റോഡിന്റെ സൈഡിൽ ഉയർത്തി സ്ഥാപിച്ച കോൺക്രീറ്റും ഇളക്കി മാറ്റി പരി​ഹാരമുണ്ടാക്കുക എന്നി​വയാണ് പ്രദേശവാസി​കളുടെ ആവശ്യം.