
മൂന്ന് കൂറ്റൻ ടാങ്കുകൾ
100 കിലോമീറ്റർ നീളത്തിൽ വിതരണ ശൃംഖല
കൊല്ലം: കേന്ദ്ര സർക്കാർ പദ്ധതിയായ അമൃത് രണ്ടിൽ ഉൾപ്പെടുത്തി 160 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പാക്കാൻ കൊല്ലം കോർപ്പറേഷൻ തയ്യാറെടുപ്പ് തുടങ്ങി.
ഒരുമാസത്തിനകം പദ്ധതിക്ക് സംസ്ഥാന ഉന്നതാധികാര സമിതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതി മാർഗനിർദ്ദേശ പ്രകാരം, നഗരത്തിലെ കുടിവെള്ള ലഭ്യതയിലെ വിടവ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. നിലവിൽ 52,000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ഉണ്ടെന്നും 55,000 കുടുംബങ്ങൾക്ക് ഇനി ലഭിക്കാനുണ്ടെന്നുമായിരുന്നു റിപ്പോർട്ട്. ഇത്രയും കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വിതരണ പൈപ്പ് ലൈനുകളുടെ ശൃംഖല വർദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ ടാങ്കുകളും സ്ഥാപിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കരടിലെ കണക്ക്
1. പതിനായിരം കുടുംബങ്ങൾക്ക് പുതിയ കുടിവെള്ള ടാപ്പ് കണക്ഷൻ
ഇതിനാവശ്യമായ വിതരണ ശ്യംഖല : 22 കോടി
2. മുണ്ടയ്ക്കലിൽ എട്ട് ലക്ഷം ലിറ്ററിന്റെ ജലസംഭരണി : 7 കോടി
3. വസൂരിച്ചിറയിൽ ഞാങ്കടവ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ജലസംഭരണിയെ നിലവിലുള്ള വിതരണശൃംഖലയുമായി ബന്ധിപ്പിക്കൽ : 50 ലക്ഷം
4. ആനന്ദവല്ലീശ്വരം, മണിച്ചിത്തോട്, ബിഷപ്പ് ജെറോം നഗർ എന്നിവിടങ്ങളിലെ പമ്പുകളെ പൈപ്പ് ലൈനുകൾ വഴി ബന്ധിപ്പിക്കൽ : 80 ലക്ഷം
5. ബിഷപ്പ് ജെറോം നഗറിന് സമീപത്തെ വാട്ടർ അതോറിട്ടിയുടെ ഭൂമിയിൽ 15.67 ലക്ഷം ലിറ്ററിന്റെ ജലസംഭരണി : 8 കോടി
6. അഞ്ചാലുംമൂട്ടിൽ 15 ലക്ഷം ലിറ്ററിന്റെ ജലസംഭരണി : 7.5 കോടി
7. 100 കിലോ മീറ്റർ നീളത്തിൽ പുതിയ വിതരണശൃംഖല : 77.2 കോടി
8. വസൂരിച്ചിറ, അഞ്ചാലുംമൂട്, മൂന്നാംകുറ്റി, ശക്തികുളങ്ങര എന്നിവിടങ്ങളിൽ ടാങ്കുകളിൽ ജലമെത്തിക്കാനുള്ള 700 എം.എം വ്യാസമുള്ള പമ്പിംഗ് മെയിൻ പൈപ്പിടൽ : 37 കോടി
130 കോടിക്ക് കൂടി സാദ്ധ്യത
അമൃത് രണ്ടിൽ കുടിവെള്ളം 55 ശതമാനം, മലിനജല സംസ്കരണം 40, ജലാശയങ്ങളുടെ പുനരുജ്ജീവനം 4, ജലാശയങ്ങളോട് ചേർന്ന് പാർക്ക് 1 എന്നിങ്ങനെ പണം ലഭിക്കും. ഇപ്പോൾ കുടിവെള്ളത്തിനുള്ള പദ്ധതിയാണ് തയ്യായിരിക്കുന്നത്. മറ്റ് മൂന്ന് മേഖലകളിലായി ഇനി 130 കോടിയുടെ പദ്ധതി കൂടി തയ്യാറാകും. ചിലപ്പോൾ ആകെ പദ്ധതി തുക 300 കോടി കടക്കാനും സാദ്ധ്യതയുണ്ട്.