കൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പി​ക്കുന്നവരെ പിടികൂടുന്ന ഓപ്പറേഷൻ പി ഹണ്ടിൽ പിടിച്ചെടുത്ത തൊണ്ടിമുതലായ മൊബൈൽ ഫോൺ തിരിമറി നടത്തിയ പരവൂർ സ്റ്റേഷനിലെ മുൻ ഗ്രേഡ് എസ്.ഐ ഷൂജയുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. മോഷണം നടന്ന പരവൂർ പൊലീസ് സ്റ്റേഷൻ, ഷൂജ മൊബൈൽ ഫോൺ കൈമാറിയ സെയ്ദലി ജോലി ചെയ്തിരുന്ന പരവൂരിലെ വർക്ക് ഷോപ്പ്, സെയ്ദലി ഇപ്പോൾ കഴിയുന്ന ആറ്റിങ്ങൽ സബ് ജയിൽ എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്.

രണ്ട് ദിവസത്തേക്കാണ് ഇന്നലെ രാവിലെ ഷൂജയെ കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. കഴിഞ്ഞ സെപ്തംബറിൽ പി ഹണ്ടിന്റെ ഭാഗമായി പരവൂർ തെക്കുംഭാഗം സ്വദേശിയായ യുവാവിൽ നിന്നു പിടിച്ചെടുത്ത ഫോണാണ് തെളിവ് ഇല്ലാതാക്കാൻ വേണ്ടി ഷൂജ മോഷ്ടിച്ചത്. ഫോണിന്റെ ഉടമസ്ഥനായ യുവാവ് ഷൂജയുടെ ഭാര്യയുടെ ബന്ധുവാണ്. ബന്ധുവിനെ കേസിൽ നിന്നു രക്ഷിക്കുന്നതി​ന് തെളിവില്ലാതാക്കാൻ വേണ്ടിയാണ് വില കൂടിയ ഫോണിന് പകരം പ്രവർത്തന രഹിതമായ പഴയ ഫോൺ ഷൂജ വച്ചത്. ഫോറൻസിക് ലാബിലേക്ക് അയയ്ക്കാനായി ഫോൺ കൊല്ലം കോടതിയിൽ എത്തിച്ചു. കോടതി ജീവനക്കാരൻ പരിശോധിച്ചപ്പോൾ ഫോണിൽ സീൽ ഇല്ലായിരുന്നു. ഇതോടെ തൊണ്ടി മുതൽ മാറ്റിയെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് പൊലീസുകാരെ സ്ഥലം മാറ്റി. എന്നിട്ടും തുമ്പൊന്നും കിട്ടിയില്ല. ഇതിനിടെ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

 അതിബുദ്ധിയിൽ കുടുങ്ങി

പരവൂർ സ്വദേശിയായ സെയ്ദലിയെ കൗമാരകാലത്ത് പരവൂർ പൊലീസ് മോഷണത്തിന് പിടികൂടി. അതിന് ശേഷം സെയ്ദലി പരവൂർ സ്റ്റേഷനിലെ പൊലീസുകാരുമായി വലിയ സൗഹൃദത്തിലായി. അങ്ങനെയിരിക്കെ ബന്ധുവിനെ കേസിൽ നിന്നു രക്ഷിക്കാൻ മോഷ്ടിച്ച ഫോൺ നശിപ്പിക്കാനായി ഷൂജ സെയ്ദലിക്ക് നൽകി. സെയ്ദലി ഇത് കൈവശം സൂക്ഷിച്ചു. കുറച്ച് കാലം സ്വിച്ച് ഓഫ് ചെയ്തിരുന്ന ശേഷം ഓണാക്കി ഉപയോഗിച്ച് തുടങ്ങി. അങ്ങനെയിരിക്കെ സെയ്ദലി വീണ്ടും മോഷണ കേസിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. ഫോൺ ഈസ്റ്റ് പൊലീസിന് ലഭിച്ചെങ്കിലും സെയ്ദലിയെ റിമാൻഡ് ചെയ്തപ്പോൾ അമ്മയ്ക്ക് കൈമാറി. ഇതിനിടെ, പരവൂർ സ്റ്റേഷനിൽ നിന്നു നഷ്ടമായ ഫോണിൽ സെയ്ദലിയുടെ പേരിലുള്ള സിം ആണ് ഉപയോഗിക്കുന്നതെന്ന് സൈബർ പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ആറ്റിങ്ങൽ ജയിലിൽ കഴിയുന്ന സെയ്ദലിയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സെയ്ദലി സത്യം വെളിപ്പെടുത്തിയതോടെ ക്രൈം ബ്രാഞ്ച് സംഘം ഷൂജയെ അറസ്റ്റ് ചെയ്യുകയായിരുന്നു.