കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ ജലലഭ്യത ഉറപ്പാക്കാൻ തടയണ നിർമ്മാണത്തിനുള്ള 37.04 കോടിയുടെ ടെണ്ടറിന് അംഗീകാരം. പുത്തൂർ ഞാങ്കടവിൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കൂറ്റൻ കിണറിനോട് ചേർന്നാണ് തടയണ. ഒരുമാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും.
കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 96 മീറ്റർ നീളമുള്ളതാണ് തടയണ. പഴയ ചീപ്പിന്റേതുപോലെ റഗുലേറ്റർ മാതൃകയിലാണ് നിർമ്മാണം. മണൽ ചാക്കുകൾ അടുക്കി 45 മീറ്റർ ഭാഗം വേർതിരിച്ചെടുത്ത് വെള്ളം വറ്റിച്ച ശേഷമാണ് ഒരു ഭാഗത്ത് തടയണ നിർമ്മിക്കുക. മറുഭാഗത്തുകൂടി വെള്ളം ഒഴുകിപ്പോകുന്ന വിധമാണ് നിർമ്മാണം. ആറ് മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഒരു വർഷമാണ് നിർമ്മാണ കാലാവധി.
കരാറിന്റെ 'ആഴം' കൂടി!
25 കോടിയാണ് തടയണ നിർമ്മാണത്തിന് ആദ്യം വകയിരുത്തിയത്. ആറര മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണമെന്നായിരുന്നു എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ, കല്ലടയാറ്റിൽ ആഴക്കൂടുതലുള്ള ഭാഗമാണിവിടം. മദ്ധ്യഭാഗത്ത് മൂന്ന് നില പൊക്കം കണക്കാക്കി 9 മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തണം. അതുകൊണ്ടുതന്നെ കൂടുതൽ തുക വേണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ ആവശ്യപ്പെട്ട തുക നൽകാൻ നിർവഹണ ഏജൻസിയായ വാട്ടർ അതോറിറ്റി തയ്യാറായില്ല. ഇതോടെ കരാർ റദ്ദാക്കി പദ്ധതി വീണ്ടും ടെണ്ടർ ചെയ്യുകയായിരുന്നു. തടയണ നിർമ്മാണത്തിന് കിണറും പമ്പ് ഹൗസും സ്ഥിതി ചെയ്യുന്ന ഭാഗത്ത് കല്ലടയാറിന്റെ ഇരുകരകളുടെയും ബലപ്പെടുത്തൽ കൂടി ചേർന്നതാണ് പുതിയ കരാർ.
ഞാങ്കടവ് @ 70%
ഞാങ്കടവിൽ നിന്നെത്തിക്കുന്ന ജലം ശുദ്ധീകരിച്ച് സംഭരിക്കുന്ന വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും സംഭരണ ടാങ്കിന്റെയും നിർമ്മാണം 70 ശതമാനം പൂർത്തിയായി. ഇവിടെ നിന്നു കുടിവെള്ളം എത്തിക്കുന്ന വടക്കേവിള ടാങ്ക് നേരത്തെ പൂർത്തിയായി. മണിച്ചിത്തോട്ടിലെ കൂറ്റൻ ടാങ്ക് 90 ശതമാനമായി. മണിച്ചിത്തോട്ടിൽ കളക്ടറേറ്റിന് സമീപത്തെ ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. ഡിസംബറിൽ പദ്ധതി പൂർത്തിയാക്കി കുടിവെള്ള വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.