photo
ഹൈവേ വികസനത്തിനായി എടുത്ത സ്ഥലങ്ങളിൽ നിങ്ങൾ പൊളിച്ച് നീക്കുന്നു.

കരുനാഗപ്പള്ളി: ഒരുവശത്ത് നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട് പോകുമ്പോൾ മറ്റൊരിടത്ത് തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായ ചിലരുണ്ട്. ചെറുകിട വ്യാപാരികളും വ്യാപാരശാലകളിൽ തൊഴിലെടുത്തിരുന്നവരും. ഓച്ചിറ മുതൽ നീണ്ടകര വരെ ഏകദേശം രണ്ടായിരത്തോളം ചെറുതും വലുതുമായ കടകളാണ് ഹൈവേ വികസനത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നാഷണൽ ഹൈവേ അതോറിട്ടിക്ക് കൈമാറിയത്. കടകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകൾ ധ്രുതഗതിയിൽ നടത്തുകയാണ്. ഹൈവേ വികസനത്തിനായി ഏറ്റെടുത്ത കടകളിൽ എല്ലാം കൂടി 3500 ഓളം തൊഴിലാളികൾ ഉണ്ടെന്നാണ് വ്യാപാരികളുടെ സംഘടനകൾ പറയുന്നത്. 10 വർഷം മുതൽ 25 വർഷം വരെ കടകളിൽ സെയിൽസ്മാൻമാരായ ജോലി ചെയ്തിട്ടുള്ളവർ നിരവധിയാണ്. ഇപ്പോൾ തൊഴിൽ നഷ്ടപ്പെട്ടതോടെ എങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന ആശങ്കയിലാണ് പലരും. തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള നീക്കങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികളുടെ സംഘടനകൾ പറയുന്നത്.

ചെറുകിട വ്യാപാരികളും ദുരിതത്തിൽ

ടൗണിൽ കടകൾ വാടകയ്ക്കെടുത്ത് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ വായ്പ എടുത്ത് കച്ചവടം നടത്തിയ വ്യാപാരികൾക്ക് ഒരു രൂപ പോലും നഷ്ട പരിഹാരമായി ലഭിച്ചില്ലെന്ന പരാതിയുണ്ട്. വാടകയ്ക്ക് എടുത്ത കടകൾ നവീകരിച്ചത് ഉൾപ്പെടെയുള്ള പണം കട ഉടമകൾക്കാണ് ലഭിച്ചത്. കച്ചവടം നഷ്ടപ്പെട്ടതോടെ ബാങ്കുകളിൽ വായ്പ അടയ്ക്കാൻ കഴിയാതെ വിഷമിക്കുകയാണ് വ്യാപാരികൾ. വായ്പ എടുത്ത് കുടിശ്ശിക വന്നിട്ടുള്ളവർക്ക് ബാങ്കുകളിൽ നിന്ന് കത്തുകൾ വന്നു തുടങ്ങി. കടകളുടെ നവീകരണത്തിനായി ഉപയോഗിച്ച സാധനങ്ങൾ പലതും പൊളിച്ച് വീടുകളിൽ അടുക്കി വെച്ചിരിക്കുയാണ്. അതെല്ലാം നശിച്ച് പോകുമെന്ന ആശങ്കയിലാണ് പലരും.

ച‌‌ർച്ചകളും സമരങ്ങളും വിഫലം

തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി വ്യാപാരികളുടെ സംഘടനകൾ കളക്ട്രേറ്റ് മാർച്ച് ഉൾപ്പെടെ 28 സമരങ്ങളാണ് നടത്തിയത്. ഉയർന്ന ഉദ്യോഗസ്ഥരുമായി നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.


തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളേയും ചെറുകിട വ്യാപാരികളേയും സർക്കാർ പുനരധിവസിപ്പിക്കുകയും മാന്യമായ നഷ്ടപരിഹാരം നൽകുകയും വേണം. ടൗൺ ഷിപ്പുകൾ നിർമ്മിച്ച് തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണം. കേന്ദ്ര - സംസ്ഥാന സർക്കാരുടെ ഭാഗത്തു നിന്നും ന്യായമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഭരണ സിരാ കേന്ദ്രത്തിന് മുന്നിൽ തൊഴിലാളികളുടെ സമരം സംഘടിപ്പിക്കും.

നിജാം ബഷി, സംസ്ഥാന ജനറൽ സെക്രട്ടറി, യുണൈറ്റഡ് മർച്ചെന്റസ് ചെംബർ :