xl
പാവുമ്പ കല്ലുപാലം സന്ദർശിക്കാനെത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിന് തഴവയുടെ മെത്തപ്പായ് നൽകി സി.ആർ മഹേഷ് എം.എൽ.എ സ്വീകരിക്കുന്നു

തഴവ: നൂറ്റാണ്ടുകൾക്ക് മുമ്പ് തഴവയുടെ കിഴക്കൻ മേഖലകളെ വികസനത്തിലേക്ക് നയിച്ച പാവുമ്പ കല്ലുപാലം ഇനി പുരാവസ്തു വകുപ്പിന്റെ കൈയിൽ ഭദ്രം. കല്ലുപാലത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി എം.എൽ.എ സി.ആർ മഹേഷിനൊപ്പം മന്ത്രി അഹമ്മദ് ദേവർ കോവിൽ കഴിഞ്ഞ ദിവസം കല്ലുപാലം സന്ദർശിച്ചിരുന്നു.

തുക നിർണ്ണയം നടത്തി കല്ലുപാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പുരാതന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് പാലമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വെള്ളാരം കല്ലുകളും നിർമാണ രീതിയുമൊക്കെ ആരേയും അതിശയിപ്പിക്കുന്നതാണെന്നും തനിമ നിലനിർത്തിയുള്ള നവീകരണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സംരക്ഷിക്കാൻ

പ്രക്ഷോഭം

ചരിത്രപ്രാധാന്യമുള്ള പാവുമ്പ കല്ലുപാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാവുമ്പ സുനിൽ, മേലോട്ടു പ്രസന്നകുമാർ, ഐക്കര ഗോപാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ.കൃഷ്ണ കുമാർ എന്നിവരുടെ നേതൃത്വത്തിൽ 2012 ലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചത്. ഇതേ തുടർന്ന് തഴവ ഗ്രാമ പഞ്ചായത്ത്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് എന്നിവ പാലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ഇത് പുരാവസ്തു വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. ഇതനുസരിച്ച് വിദഗ്ദ്ധ സംഘമെത്തി പാലം പലതവണ പരിശോധിച്ച് പഴക്കം നിർണ്ണയിച്ചെങ്കിലും പിന്നീട് കാര്യമായ യാതൊരു നടപടികളും ഉണ്ടായില്ല.

പ്രളയത്തിലും

പിടിച്ചുനിന്നു

2019ലെ പ്രളയത്തിൽ അപകടകരമായ നിലയിൽ ചരിഞ്ഞ കല്ലുപാലം, തകരുമെന്ന ആശങ്ക ഉയർന്നിരുന്നു. പാലം സംരക്ഷിക്കുന്നതിൽ അധികൃതർ തുടരുന്ന അനാസ്ഥയെക്കുറിച്ച് കേരളകൗമുദി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പുരാവസ്തു ഡയറക്ടർ നേരിട്ടെത്തി പാലം സന്ദർശിച്ച് സംരക്ഷിത സ്മാരകമാക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിലും അനിശ്ചിതത്വം തുടർന്നതോടെയാണ് സി.ആർ. മഹേഷ് എം.എൽ.എ നേരിട്ട് ഇടപെട്ടതും സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചതും.

അഞ്ഞൂറിന്റെ പഴക്കം

വെള്ളാരംകല്ലിന്റെ തിളക്കം

പുരാവസ്തു വകുപ്പ് തന്നെ അഞ്ഞൂറിലധികം വർഷത്തിന്റെ പഴക്കം കണക്കാക്കുന്ന പാവുമ്പ കല്ലുപാലത്തിന് ഒട്ടേറെ അപുർവ്വതകളുണ്ട്. കേരളത്തിൽ തന്നെ അത്യപൂർവ്വമായി കണ്ടുവരുന്ന വെള്ളാരം കല്ലിൽ തീർത്ത മൂന്ന് മീറ്റർ നീളമുള്ള നാല് ഷീറ്റുകൾ പാറയുടെ തന്നെ ഇഷ്ടിക അടുക്കിയുണ്ടാക്കിയ തൂണിൽ ഘടിപ്പിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കുമ്മായം ഉൾപ്പടെ യാതൊരു മിശ്രിതവും ഉപയോഗിക്കാതെ ക്രമാനുഗതമായി പാറ അടുക്കി ഉണ്ടാക്കിയ പാലം, പുരാതന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്.