road
കഴിഞ്ഞ ദിവസത്തെ മഴയിൽ ഐത്തോട്ടുവ വാർഡിൽ വി.കെ.എസ്. ജംഗ്ഷനിലെ റോഡിന് വശത്തെ മണ്ണ് ഇടിഞ്ഞുവീണപ്പോൾ

പടിഞ്ഞാറേകല്ലട : കിഫ്ബി പദ്ധതിപ്രകാരം നവീകരണജോലികൾ പുരോഗമിക്കുന്ന കടപുഴ, വളഞ്ഞവരമ്പ്, കാരാളിമുക്ക് പി.ഡബ്ല്യു.ഡി റോഡ് ഹൈടെക്കായിട്ടും അപാകതകൾക്ക് കുറവില്ല. റോഡിന്റെ ടാറിംഗ് പൂർത്തിയായെങ്കിലും അപകട ഭീഷണി നിലനിൽക്കുന്ന മിക്കസ്ഥലങ്ങളിലും പാർശ്വഭിത്തി ഇതുവരെ നിർമ്മിച്ചിട്ടില്ല.

എന്നുമാത്രമല്ല,​ താഴ്ചയുള്ള സ്ഥലങ്ങളിൽ ടാറിംഗിനോട് ചേർന്ന ഭാഗം മണ്ണിട്ട ശേഷം കോൺക്രീറ്റ് ചെയ്യാത്തത് കാരണം,​ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പുതുതായിനിറച്ച മണ്ണ് ഒലിച്ചു പോകാൻ തുടങ്ങി. ഇത് റോഡിന്റെ ബലത്തെ പ്രതികൂലമായി ബാധിക്കും. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന ഐത്തോട്ടുവ വാർഡിലെ മുളയ്ക്കൽ കടവ് ഭാഗത്തെ പാർശ്വഭിത്തിയുടെ ഉയരം കൂട്ടിയിട്ടുമില്ല.

മുമ്പ് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ഭാഗത്തെ റോഡിലൂടെ കല്ലടയാറിലെ വെള്ളം കരകവിഞ്ഞൊഴുകുകയും നാട്ടുകാരുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവാക്കുകയും ചെയ്തിരുന്നു.

മിക്കയിടങ്ങളിലെയും വൈദ്യുതി പോസ്റ്റുകൾ ഇപ്പോഴും റോഡിന്റെ ടാറിംഗിനോട് ചേർന്നാണ് നിൽക്കുന്നത്. ഇത് വശങ്ങളിലേയ്ക്ക് ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. ഇതും ഭാവിയിൽ വാഹനാപകടങ്ങൾക്ക് വഴിയൊരുക്കും. പലസ്ഥലങ്ങളിലും കടകളുടെ ഇറക്കുകളും മതിലുകളും ഉൾപ്പെടെയുള്ള കൈയേറ്റ ഭാഗങ്ങൾ സർവേ വിഭാഗം ജീവനക്കാർ അളന്ന് തിരിച്ച് കല്ലിടുകയോ ഒഴിപ്പിക്കുകയോ ചെയ്തിട്ടില്ല. റോഡിൽ പാർശ്വഭിത്തിയില്ലാത്തിടത്ത് അവ നിർമ്മിക്കാനും ടാറിംഗിനോട് ചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്യാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.