കൊല്ലം: ആറുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും സംഭവത്തിൽ കുഞ്ഞുമരിക്കുകയും ചെയ്ത കേസിലെ പ്രതി സുകന്യയെ കോടതി വെറുതേ വിട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പ്രതിക്കെതിരെയുള്ള ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാലാണ് വിട്ടയച്ചത്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് വിധി പ്രസ്താവിച്ചത്. 2013 ഒക്ടോബർ 14നാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും പീഡനം കാരണം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും കുട്ടിയെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചുവെന്നും സുകന്യ ആത്മഹത്യാകുറിപ്പ് എഴുതി വച്ചിരുന്നത് കണ്ടെത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്. കടയ്ക്കൽ പ്രഭുല്ലഘോഷ്, ഷൈൻ എസ്.മൺറോത്തുരുത്ത്, പി.എസ്.അക്ഷത, മയ്യനാട് അനന്തു സത്യൻ എന്നിവർ കോടതിയിൽ ഹാജരായി.