
കൊല്ലം: വൃദ്ധനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മൂതാക്കര സുനാമി ഫ്‌ളാറ്റ്-62 ൽ ടിനു എന്ന് വിളിക്കുന്ന മാക്‌സ്‌വെൽ (34), മൂതാക്കര നസ്രത്ത് ഭവനിൽ രമേശ് (34) എന്നിവരാണ് പിടിയിലായത്. മാക്സ്‌വെല്ലിന്റെ ഭാര്യാപിതാവായ പള്ളിത്തോട്ടം ഗലീലിയോ നഗർ-37 ൽ മർസിലിനെ (63) കുത്തിയ കേസിലാണ് അറസ്റ്റ്.
മാക്‌സ്‌വെല്ലിന്റെ ഭാര്യക്ക് കിട്ടേണ്ട സ്വത്ത് ഭാഗംവയ്ക്കുന്നതിലെ തർക്കത്തെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ഓടെ പ്രതിയുടെ ഭാര്യവീടായ ഗലീലിയോ നഗറിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മർസിലിനെ മാക്സ‌്‌വെൽ ചവിട്ടിയുണർത്തിയ ശേഷം നെഞ്ചിൽ കുത്തുകയായിരുന്നു. രമേശ് ചുറ്റിക കൊണ്ട് ഇടുപ്പിന് അടിച്ചു. തടസം പിടിക്കാൻ ചെന്ന മർസിലിന്റെ മകനെ ഇരുവരും ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾ മടങ്ങിയെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.