പുനലൂർ: കാലവർഷക്കെടുതികളിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിക്കുന്ന തെന്മല കേന്ദ്രീകരിച്ച് പുതിയ ഫയർ ഫോഴ്സ് യൂണിറ്റ് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പി.എസ്.സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംയുക്ത യോഗം ചേർന്നു. ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥാപിക്കാനാവശ്യമായ ഭൂമി ലഭ്യമാകുന്നതോടെ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാനാണ് അധികൃതർ പദ്ധതിയിട്ടിരിക്കുന്നത്.
വാർത്തകണ്ടു, എം.എൽ.എ ഇടപെട്ടു
ഇക്കഴിഞ്ഞ കാലവർഷത്തിൽ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ഉരുൾ പൊട്ടി വ്യാപകനാശം സംഭിച്ചത് കണക്കിലെടുത്താണ് പുതിയ ഫയർ ഫോഴ്സ് യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായത്. ഈ ആവശ്യം ഉന്നയിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് പി.എസ്.സുപാൽ എം.എൽ.എ ഇടപെട്ട് താത്ക്കാലിക ഫയർ ഫോഴ്സ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. പിന്നീട് സർക്കാരിന് റിപ്പോർട്ട് കൈമാറിയതിനെ തുടർന്ന് തെന്മല കേന്ദ്രീകരിച്ച് പുതിയ ഫയർ ഫോഴ്സ് യൂണിറ്റ് ആരംഭിക്കാനാവശ്യമായ സൗകര്യം ഉറപ്പ് വരുത്താൻ ഫയർഫോഴ്സ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം ലഭിച്ചു. തുടർന്നാണ് ഇന്നലെ എം.എൽ.എയുടെ നേതൃത്വത്തിൽ സംയുക്ത യോഗം തെന്മലയിൽ ചേർന്നത്. എം.എൽ.എയെ കൂടാതെ തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, പഞ്ചായത്ത് അംഗങ്ങളായ സിബിൽബാബു, എസ്.ആർ.ഷീബ, സുജാത,വിജയശ്രീ, എ.ടി.ഷാജൻ,നാഗരാജൻ, സി.ചെല്ലപ്പൻ, ചന്ദ്രിക,ഫയർഫോഴ്സ് ഓഫീസർ സലീം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഭൂമി ഏറ്റെടുക്കാൻ കടമ്പകളേറെ
തെന്മല ഡാം ജംഗ്ഷനിലെ കല്ലട ഇറിഗേഷന്റെ ഭൂമി ഏറ്റെടുത്ത് ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കാനാണ് ആലോചന. തെന്മല ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലുമുള്ള വനം വകുപ്പിന്റെ ഭൂമി ഏറ്റെടുക്കണമെങ്കിൽ കടമ്പകളുണ്ട്. ഇത് കണക്കിലെടുത്താണ് കെ.ഐ.പിയുടെ ഭൂമി ഏറ്റെടുക്കാൻ അധികൃതർ ആലോചിക്കുന്നത്. തെന്മല, ആര്യങ്കാവ് മലയോര മേഖലയിൽ അപകടങ്ങളും പേമാരിയും വെള്ളപ്പൊക്കവും മറ്റും ഉണ്ടായാൽ 30 കിലോമീറ്ററോളം ദൂരെയുള്ള പുനലൂർ ഫയർസ്റ്റേഷനാണ് ആശ്രയം. അച്ചൻകോവിലിൽ അപകടങ്ങളുണ്ടായാൽ ഫയർ ഫോഴ്സ് എത്താൻ മണിക്കൂറുകൾ വേണം . ഇതൊക്കെയാണ് തെന്മല കേന്ദ്രീകരിച്ച് പുതിയ ഫയർഫോഴ്സ് യൂണിറ്റ് ആരംഭിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
ഫയർഫോഴ്സ് യൂണിറ്റ് ആരംഭിക്കാൻ ഇപ്പോൾ താത്ക്കാലിക സംവിധാനവും തുടർന്ന് ഫയർ സ്റ്റേഷൻ കെട്ടിടം പണിയാൻ ആവശ്യമായ സൗകര്യവും ഒരുക്കി നൽകും.
പി.എസ്.സുപാൽ എം.എൽ.എ