കൊല്ലം: കൊവിഡ് വ്യാപനത്തോടെ താഴുവീണ മഹാത്മാഗാന്ധി പാർക്കിന്റെ ശനിദശ, നിയന്ത്രണങ്ങൾ അവസാനിച്ചിട്ടും മാറുന്നില്ല. 2020 ൽ കൊവിഡിന്റെ തുടക്കത്തിലാണ് എം.ജി പാർക്കിന് പൂട്ടുവീണതാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണമായി നീക്കുകയും ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തുറന്നുകൊടുത്തിട്ടും പാർക്കിന്റെ താഴുമാത്രം നീക്കിയില്ല.
കരാറുകാരനുമായുള്ള തർക്കം പരിഹരിച്ച് പാർക്ക് തുറന്നുകൊടുക്കാനുള്ള നഗരസഭയുടെ നീക്കം ഇഴഞ്ഞു നീങ്ങുന്നതല്ലാതെ എന്നു തുറക്കുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.
പാർക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ പല തവണ കരാറുകാരനുമായി ചർച്ച നടത്തിയെങ്കിലും ധാരണയുണ്ടായില്ല.
കൊവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന കരാറുകാരന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് 2021 ആദ്യം പുതിയ ആൾക്ക് കരാർ നൽകുകയായിരുന്നു.
കൊവിഡിന്റെ ഒന്നാം തരംഗത്തിൽ എട്ടു മാസത്തോളം പൂർണ്ണമായി അടഞ്ഞു കിടന്നതിനാൽ പാർക്ക് കാടുകയറുകയും ഉപകരണങ്ങൾ പലതും നശിക്കുകയും ചെയ്തു. പുതിയ ആൾ കരാർ ഏറ്റെടുത്തപ്പോഴേക്കും കൊവിഡ് രണ്ടാം തരംഗമായി. ഇതു കാരണം പാർക്ക് അടഞ്ഞു തന്നെ കിടന്നു.
കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ പാർക്ക് തുറക്കാൻ നഗരസഭ ശ്രമിച്ചെങ്കിലും കരാറുകാരൻ ചില നിബന്ധനകൾ മുന്നോട്ടുവച്ചു. കാടു കയറിയ പാർക്ക് വൃത്തിയാക്കി നൽകണമെന്നായിരുന്നു പ്രധാന ആവശ്യം. പാർക്കിലെ കാട് വ്യത്തിയാക്കിയപ്പോൾ വൈദ്യുതി കേബിളുകളും വാട്ടർ കണക്ഷൻ പൈപ്പുകളും ഇളക്കി മാറ്റിയ നിലയിലായിരുന്നു. ഹൈമാസ്റ്റ്ലൈറ്റും തകരാറിലായി.
അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി കുടിശികയും തർക്ക വിഷയമായി. വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാനായി കെ.എസ്. ഇ. ബിയുമായി നഗരസഭ ചർച്ച നടത്തി കുടിശികയിൽ പകുതിത്തുക അടയ്ക്കാമെന്ന് ധാരണയായി. കുടിശിക കരാറുകാരന്റെ സെക്യൂരിറ്റി തുകയിൽ നിന്ന് ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. തകരാറിലായ വൈദ്യുതി കേബിളുകളും ലൈറ്റുകളും നന്നാക്കാൻ നഗരസഭ കരാർ നൽകിയിട്ടുണ്ട്. അതുകഴിഞ്ഞുവേണം പ്ളംബിംഗ് ജോലികൾ തീർക്കാൻ. എങ്കിൽ മാത്രമേ പാർക്ക് തുറന്ന് കൊടുക്കാൻ കഴിയൂ. ചുരുക്കത്തിൽ, ഈ ജോലികൾ പൂർത്തിയാക്കി പാർക്ക് തുറക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്ന് സാരം.
........................................
പാർക്കിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് തകരാറിലായ വയറിംഗ് ജോലികൾ പൂർത്തിയാക്കാൻ കരാർ നൽകിയിട്ടുണ്ട്. എത്രയും വേഗം പാർക്ക് തുറക്കാനാണ് ശ്രമം.
അഡ്വ. ജി. ദേവകുമാർ,
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ,
കൊല്ലം കോർപ്പറേഷൻ.