palam
നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ- പേഴും തുരുത്ത് പാലം

കൊല്ലം: വർഷം ഒന്നു കഴിഞ്ഞു, ജില്ലയുടെ വികസനത്തിൽ സുപ്രധാന നാഴികക്കല്ലാകുമായിരുന്ന പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം ഇപ്പോഴും പെരുവഴിയിൽ തന്നെ. 18 മാസം കൊണ്ട് പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി, മാസം 13 കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ഈ സ്ഥിതി തുടർന്നാൽ പണിപൂർത്തിയാകാൻ ഒരു വർഷം കൂടി വേണ്ടിവരും.

പാലത്തിന്റെ മദ്ധ്യഭാഗത്തുളള സ്പാനിന്റെ രൂപകല്പനയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുള്ള തർക്കമാണ് ജോലികൾ അനിശ്ചിതമായി നീണ്ടു പോകാൻ കാരണം.

സ്പാനിന്റെ ഡിസൈൻ തയ്യാറാക്കി നൽകാമെന്ന കിഫ്ബിയുടെ ഉറപ്പ് പാലിക്കപ്പെടാത്തതിനാൽ മദ്ധ്യഭാഗത്തുളള സ്പാനിന്റെ ജോലികൾ ഇനിയും

ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ജനുവരി പകുതിയോടെ ബോർഡ് ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം പുതിയ ഡിസൈൻ തയ്യാറാക്കി നൽകാമെന്ന് ഉറപ്പു നൽകിയത്. മൂന്നു മാസം കഴിഞ്ഞിട്ടും ഡിസൈൻ ലഭിച്ചില്ല.

പെരുമൺ ഭാഗത്തെ നാലു സ്പാനുകളുടെ കോൺഗ്രീറ്റിംഗ് ജോലികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇത് പൂർത്തിയായാൽ മാത്രമേ പേഴുംതുരുത്ത് ഭാഗത്തെ ജോലികൾ ആരംഭിക്കാൻ കഴിയൂ.

പാലം നിർമ്മാണത്തിന് കരാർ നൽകിയ ശേഷം മദ്ധ്യഭാഗത്തെ ഡിസൈനിൽ മാറ്റം വരുത്തിയതാണ് തർക്കത്തിനിടയാക്കിയത്. തർക്കം നീണ്ടതോടെ നിർമ്മാണം മന്ദഗതിയിലായി.

18.50 കോടിയുടെ നിർമ്മാണ പ്രവൃത്തികൾ നടന്നെങ്കിലും കമ്പനിക്ക് പണം നൽകാതിരുന്നതും മെല്ലപ്പോക്കിന് ഇടയാക്കി. എന്നാൽ, ഇതിനിടെ കരാർ തുകയിൽ 13 കോടി രൂപ ലഭിച്ചതോടെ ജോലികൾ വേഗത്തിലായെങ്കിലും ഡിസൈൻ നൽകാത്തത് കെണിയായി.

ആകെ സ്പാനുകൾ 11

നാല് സ്പാനുകളുടെ കോൺഗ്രീറ്റിംഗ് ജോലികൾ പുരോഗമിക്കുന്നു.

മദ്ധ്യഭാഗത്തെ 70 മീറ്റർ നീളമുള്ള സ്പാനിന്റെ ഡിസൈനിൽ തർക്കം

ആദ്യ ഡിസൈൻ മാറ്റി ഉയരവും ഭംഗിയും കൂട്ടി പുതിയ ഡിസൈൻ നൽകി

ഡിസൈൻ തയ്യാറാക്കി നൽകാമെന്ന കിഫ്ബിയുടെ ഉറപ്പ് പാലിച്ചില്ല