ear

പത്തനാപുരം: ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11.41ഓടെ പത്തനാപുരം, പുനലൂർ, നിലമേൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

പത്തനാപുരത്ത് പിറവന്തൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര, പത്തനാപുരം, വിളക്കുടി, തലവൂർ പഞ്ചായത്തുകളുടെ വിവിധ സ്ഥലങ്ങളിലാണ് ഭൂചലനം ഉണ്ടായത്. വീടുകളിലെ പാത്രങ്ങളും മറ്റും നിലത്തുവീണു. ഇതിനൊപ്പം ചില സ്ഥലങ്ങളിൽ വലിയ ശബ്ദവും കേട്ടു. ജനങ്ങൾ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടി.

ചൊവ്വാഴ്ച ഉച്ച മുതൽ കിഴക്കൻ മേഖലയിൽ ശക്തമായി മഴ പെയ്തിരുന്നു. രാത്രി മഴ തോർന്ന ശേഷം രാത്രി 11.37നും 11.41നും ഇടയിലായിരുന്നു ഭൂചലനം. ഇതിന്റെ വ്യാപ്തി എത്രയുണ്ടെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.