velimbi
വെളുമ്പി മുത്തശി ചൂൽ നിർമാണത്തിൽ .

പത്തനാപുരം: വെളുമ്പി മുത്തശ്ശിക്ക് പ്രായം 113. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടർ. പ്രായം പല്ലുകളെ കൊഴിച്ചെങ്കിലും മുറുക്കാനിടിക്കാനും ചൂലുണ്ടാക്കി വിറ്റ് സ്വന്തം കാര്യങ്ങൾ നോക്കാനും വെളുമ്പിമുത്തശിക്ക് ആരുടെയും സഹായം വേണ്ട. പിറവന്തൂർ തച്ചക്കുളകാരുടെ ഈ മുത്തശ്ശി മരുമകൾക്കും കൊച്ചു മക്കൾക്കു മൊപ്പമാണ് താമസിക്കുന്നത്. വീടിന് ചുറ്റും മക്കളും കൊച്ചുമക്കളും ചെറുമക്കളുമായി പത്തിലധികം വീട്ടുകാർ ഉണ്ട്. എങ്കിലും ആരെയും ആശ്രയിക്കാൻ വെളുമ്പി മുത്തശ്ശിക്ക് ഇഷ്ടമല്ല. പഴയ കാലത്തെ നാട്ടുമരുന്നുകളും ഔഷധക്കഞ്ഞിയും പുഴമീനും ഇലക്കറികളുമൊക്കെയാണ് വെളുമ്പിമുത്തശിയുടെ ആരോഗ്യത്തെ കാക്കുന്നത്. മാസത്തിലൊരിക്കൽ കൊച്ചുമക്കൾക്കായി വെളുമ്പി മുത്തശി ഔഷധകൂട്ടുകളുള്ള കഞ്ഞി തയ്യാറാക്കി കൊടുക്കും. ഇത്രയും പ്രായമായിട്ടും ചെറിയ ഓർമ്മക്കുറവുണ്ടെന്നല്ലാതെ ഷുഗറോ, പ്രഷറോ, കൊളസ്ട്രോളോ ഒന്നും വെളുമ്പി മുത്തശിക്ക് ഇല്ല.

ഇരവി-ചിറ്റ ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ ആളായിരുന്നു വെളുമ്പി. വെളുമ്പിക്ക് മക്കൾ എട്ട്. നാല് പേർ മരിച്ചു. ഭർത്താവും 80 വർഷം മുൻപ് മരിച്ചു. വനപ്രദേശമായ പിറവന്തൂരിലെ ആദ്യതാമസക്കാരായിരുന്നു വെളുമ്പിയുടെ കുടുംബം. ഇപ്പോൾ നാട് ആകെ മാറിയെന്ന് വെളുമ്പി സമ്മതിക്കുന്നു. വാഹനങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ കാര്യവുമൊക്കെ വെളുമ്പിക്ക് പുത്തനറിവുകളാണ്. പണ്ട് കിലോമീറ്ററോളം നീണ്ട കാൽ നടയാത്രകൾ വെളുമ്പിയുടെ ഓർമ്മകളിലുണ്ട്. വെളുമ്പിയുടെ പൂർവികർ 110 വയസുവരെ ജീവിച്ചിരുന്നു. 103-ാം വയസ് വരെ മലയിൽ വിറക് പെറുക്കാനും മറ്റും വെളുമ്പി പോയിരുന്നു. പിന്നീട് കൊച്ചു മക്കളുടെ സ്നേഹപൂർവമുള്ള പിടിവാശിയിൽ മലകയറ്റം ഒഴിവാക്കി. ഇപ്പോൾ നാലാം തലമുറയിക്കാരുടെ വിവാഹവും വിവിധ സംഘടകളുടെ ആദരിക്കൽ ചടങ്ങുകളുമൊക്കെയായി തിരക്കിലാണ് പിറവന്തൂരുകാരുടെ ഈ മുത്തശ്ശി.