
കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിലുള്ള പഞ്ചദിന ചലച്ചിത്ര പഠന ക്യാമ്പ് ഉദ്ഘാടനം 9ന് രാവിലെ 10ന് തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി.എൻ. കരുൺ നിർവഹിക്കും.
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷനാകും. കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യാതിഥിയാകും. ചലച്ചിത്ര സംവിധായകനായ വിജയകൃഷ്ണൻ, ആർ. ശരത്ത് എന്നിവർ സംസാരിക്കും. സിനിമയുടെ സർവ മേഖലകളിലും പരിശീലനം നൽകുന്ന ക്യാമ്പിൽ മേഖലയിലെ പ്രമുഖർ ക്ലാസുകൾ നയിക്കും. നാല് ക്ലാസിക് സിനിമകളുടെ പ്രദർശനവും ഷോർട്ട് ഫിലിം നിർമ്മാണവും ക്യാമ്പിന്റെ ഭാഗമായുണ്ടാകും.
നാല് ദിവസം കൊല്ലം ഇൻഫന്റ് ജീസസ് സ്‌കൂളിലും സമാപനദിനമായ 13ന് പത്തനാപുരം ഗാന്ധിഭവനിലുമാണ് ക്യാമ്പ് നടക്കുന്നതെന്ന് ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശേരി, സ്വാഗതസംഘം ഭാരവാഹികളായ എസ്. സുവർണകുമാർ, എസ്. അജയകുമാർ, ജോർജ് എഫ്. സേവ്യർ വലിയവീട്, റാണി നൗഷാദ്, ബെറ്റ്സി എന്നിവർ അറിയിച്ചു.