billa

 കരാറുകാർ പ്രതിസന്ധിയിൽ

കൊല്ലം: അഞ്ച് കോടിയുടെ നിർമ്മാണ പ്രവൃത്തികളുടെ ബിൽ മാറിനൽകാതെ കരാറുകാരെ പ്രതിസന്ധിയിലാക്കി ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ. റോഡ്, കെട്ടിട നിർമ്മാണ പ്രവൃത്തികളുടെ 34 ബില്ലുകളാണ് ജില്ലാ പഞ്ചായത്തിലെ എൻജിനിയറിംഗ് വിഭാഗം ഹൃദയശൂന്യമായി തടഞ്ഞത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളായ 28, 29 ദിവസങ്ങൾ പൊതുപണിമുടക്കായിരുന്നു. 27 ഞായറാഴ്ചയായിരുന്നു. അതുകൊണ്ട് തന്നെ കരാറുകാർക്ക് ഈ ദിവസങ്ങളിൽ ബില്ല് സമർപ്പിക്കാൻ കഴിഞ്ഞില്ല. 30ന് ബില്ലുകൾ എത്തിച്ചപ്പോൾ പരിശോധിക്കാൻ സമയമില്ലെന്ന് പറഞ്ഞ് ട്രഷറിയിലേക്ക് അയയ്ക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നു.

പഞ്ചായത്തുകളിലെ അസി. എൻജിനിയർമാരാണ് ജില്ലാ പഞ്ചായത്തിന്റെ വിവിധ നിർമ്മാണ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്നത്. ഇവരാണ് ബില്ല് തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് കൈമാറുന്നത്. ഇവർ പഞ്ചായത്ത് പദ്ധതികളുടെ ജോലി തീർന്ന ശേഷമേ ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളുടെ ബില്ല് തയ്യാറാക്കലിലേക്ക് കടക്കാറുള്ളു. അതുകൊണ്ടാണ് ബില്ല് സമർപ്പിക്കൽ സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലേക്ക് നീണ്ടത്.

സാധാരണ മുൻ വർഷങ്ങളിൽ ബില്ല് സമർപ്പിക്കാൻ കഴിയാതെ വരുമ്പോൾ 75 ശതമാനം തുക അനുവദിക്കാറുണ്ട്. എന്നാൽ ജില്ലാ പഞ്ചായത്തിലെ എൻജിനിറിംഗ് വിഭാഗം ഇത്തവണ അതിനും തയ്യാറായില്ല. ഈ ബില്ലുകളിൽ കൂടുതലും റോഡ് നിർമ്മാണത്തിന്റേതാണ്. ടാറിന്റെ വില കുതിച്ചുയർന്നതിനാൽ പല കരാറുകാരും ഏറ്റെടുത്ത പ്രവൃത്തി പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനിടയിൽ ജനപ്രതിനിധികളുടെ നിർബന്ധനത്തിന് വഴങ്ങി കടം വാങ്ങിയാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്. പക്ഷെ ബില്ല് തടഞ്ഞപ്പോൾ ജനപ്രതിനിധികളാരും ഇടപെടാൻ തയ്യാറായില്ല. ഇനി മാസങ്ങൾ കഴിഞ്ഞ് പുതിയ പദ്ധതിക്ക് അംഗീകാരം ലഭിച്ച ശേഷമേ ബിൽ മാറി കിട്ടുകയുള്ളു.

അന്വേഷണം വേണം

കരാറുകാർക്ക് പണം ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥ വീഴ്ചയെപ്പറ്റി അന്വേഷിക്കണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സി.എം.എൽ.ആർ പദ്ധതിയിൽ16 കോടി കുടിശികയാണ്. എം.എൽ.എ, എ.ഡി.എസ്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവൃത്തികളുടെ സ്ഥിതിയും സമാനമാണ്. ഇവയ്ക്കും പരിഹാരം കാണണം. ജില്ലാ പ്രസിഡന്റ് എസ്.ബൈജു, സെക്രട്ടറി എസ്.ദിലീപ്കുമാർ, പ്രദീപ്കുമാർ, സുനിൽദത്ത്, സലീം, സുരേഷ്‌കുമാർ, അനിൽ, ഗോപി, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.