
വ്യാപാരി പ്രതിനിധികളുടെ യോഗം ഇന്ന്
കൊല്ലം: വിപണിയിലെ കൊള്ളവിലയ്ക്ക് പൂട്ടിടാൻ കർശന നിലപാടുമായി ജില്ലാ ഭരണകൂടം. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി ഇന്ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ വ്യാപാരി പ്രതിനിധികളുടെ യോഗം ചേരും. ഇതിനുശേഷം വരും ദിവസങ്ങളിൽ കർശനമായ ഇടപെടൽ നടത്തും.
ആലപ്പുഴയിലെ ഒരു ഹോട്ടൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പരാതി ഉന്നയിച്ചതിനെ തുടർന്ന് എല്ലാ ജില്ലകളിലും വ്യാപാരികളുടെ യോഗം വിളിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ യോഗമെങ്കിലും താലൂക്ക് അടിസ്ഥാനത്തിൽ പരിശോധനകൾ തുടർച്ചയായി നടത്തും. പച്ചക്കറി, അരി, പലചരക്ക്, മത്സ്യം, മാംസം, കോഴി, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്, ബേക്കറി, മൊത്ത വ്യാപാരികൾ തുടങ്ങിയ മേഖലയിലെ വ്യാപാരികളുടെ താലൂക്കുതല പ്രതിനിധികളുടെ യോഗമാണ് ഇന്ന് വിളിച്ചിരിക്കുന്നത്.
ഇവയ്ക്ക് കർശന നടപടി
1.വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, അമിതവില ഈടാക്കൽ, വിലവിവരപ്പട്ടികയിൽ നിന്ന് വ്യത്യസ്തമായ വില ഈടാക്കൽ
2. നിയമാനുസൃത ബിൽ ഉപഭോക്താവിന് നൽകാതിരിക്കൽ, ബിൽ കൗണ്ടറിൽ തിരികെ വാങ്ങിവയ്ക്കൽ
3. സേവനം പൂർണമായും നൽകാതിരിക്കൽ, തൂക്കത്തിൽ കുറവ്
4. ഗുണമേന്മ ഇല്ലാത്ത ഭക്ഷ്യ സാധനങ്ങളുടെ വില്പന
5. ആരോഗ്യകരമല്ലാത്ത സാഹചര്യത്തിൽ ഭക്ഷ്യ സാധനങ്ങളുടെ നിർമ്മാണവും വില്പനയും
ഒരു പീസ് നെന്മീൻ ഫ്രൈക്ക് 400 രൂപ
നഗരത്തിലെ ഒരു ഇടത്തരം ഹോട്ടൽ ഒരു പീസ് നെന്മീൻ ഫ്രൈക്ക് 400 രൂപ ഈടാക്കിയതടക്കമുള്ള നിരവധി പരാതികൾ ജില്ലാ പൊതുവിതരണ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ചായ, കാപ്പി, നാരങ്ങാവെള്ളം എന്നിവയ്ക്ക് പോലും ചിലയിടങ്ങളിൽ നെഞ്ച് തകർക്കുന്ന വിലയാണ്.
കളക്ടറുടെ മിന്നൽ റെയ്ഡ്
കൊള്ളവില ഈടാക്കുന്ന സ്ഥാപനങ്ങളെ കുടുക്കാൻ ഏറെ വൈകാതെ കളക്ടർ മിന്നൽ പരിശോധന നടത്താൻ സാദ്ധ്യതയുണ്ട്.