photo

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറയിൽ ഗൃഹനാഥൻ മദ്യ ലഹരിയിൽ സ്വന്തം വീട് തീവച്ച് നശിപ്പിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറയിൽ നടുവിൽ ലിപിൻ ഭവനിൽ മുരളിയാണ് അക്രമം കാട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീടിന് തീയിടുമ്പോൾ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. അയൽക്കാർ ഓടിയെത്തിയാണ് ഗ്യാസ് സിലിണ്ടറും മറ്റും എടുത്തുമാറ്റിയത്. വീട് പൂർണമായും കത്തി നശിച്ചു. പലകയും ഓലയും കൊണ്ട് നിർമ്മിച്ച വീടായിരുന്നതിനാൽ തീ ആളിക്കത്തി. മുരളി മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതും വീട്ടുപകരണങ്ങൾ തകർക്കുന്നതും പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ശാസ്താംകോട്ട ഫയർഫോഴ്സും ശൂരനാട് പൊലീസും ചേർന്നാണ് തീയണച്ചത്. സംഭവ ശേഷം മുരളി ഒളിവിലാണ്.