കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പാരിപ്പള്ളി പൊലീസ് പിടികൂടി. വേളമാനൂർ പുലിക്കുഴി മാങ്ങോണത്ത് ചരുവിള വീട്ടിൽ മഹിയാണ് (20) പിടിയിലായത്.

പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് പ്രണയം നടിച്ച് മഹി വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി. കഴിഞ്ഞ 5ന് വെളുപ്പിന് പ്രതി പെൺകുട്ടിയുടെ വീടിന് സമീപമെത്തി നിർബന്ധപൂർവം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് കിഴക്കനേലയുള്ള പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയെ കാണതായതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ പാരിപ്പള്ളി പൊലീസ് ഇരുവരെയും കിഴക്കനേലയിൽ നിന്ന് കണ്ടെത്തി. വൈദ്യ പരിശോധനയിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് വിധേയയായതായി തെളിഞ്ഞതിനെ തുടർന്ന് പ്രതിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ പ്രകാരവും കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.